പുത്തൂർ: കുളക്കട പാലം ജംഗ്ഷനിലെ ഏനാത്ത് കടവിൽ കുളക്കട ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ മികച്ച സൗകര്യങ്ങളോടെയുള്ള ശബരിമല ഇടത്താവളത്തിന്റെ നിർമ്മാണം ആരംഭിച്ചു. എം.സി റോഡിനോട് ചേർന്നു നിർമ്മിക്കുന്ന ഇടത്താവളം നൂറുകണക്കിന് ഭക്തർക്ക് പ്രയോജനം ചെയ്യും. രണ്ടുഘട്ടങ്ങളായാണ് പദ്ധതി പൂർത്തിയാക്കുന്നത്. അഞ്ച് ലക്ഷം രൂപയാണ് ആദ്യഘട്ടമായി അനുവദിച്ചത്.
നദിയിലേക്ക് സുരക്ഷിതമായി ഇറങ്ങാനുള്ള പാതകളും പടികളും സജ്ജമാക്കും. ഇതിന്റെ നിർമ്മാണം തുടങ്ങി. കരയോടു ചേർന്ന് ഭക്തർക്ക് വിരിവയ്ക്കാനും വിശ്രമിക്കാനും കോൺക്രീറ്റ് മണ്ഡപവും നിർമ്മിക്കും. രണ്ടാംഘട്ടത്തിൽ നദീതീരത്തോട് ചേർന്ന് കാടുമൂടിയ സ്ഥലം കെട്ടിത്തിരിച്ച് തറയോടുകൾ പാകി അങ്കണം തയ്യാറാക്കും. ഇതിൽ കൈവരികളും മറ്റ് സുരക്ഷാ ക്രമീകരണങ്ങളും ഉണ്ടാകും. മണ്ഡലകാലത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനാണ് ശ്രമിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.