കൊല്ലം: ഉത്രയെ കൊലപ്പെടുത്താൻ ഭർത്താവ് സൂരജിന് രണ്ടുതവണ പാമ്പുകളെ നൽകിയ കല്ലുവാതുക്കൽ സ്വദേശി ചാവരുകാവ് സുരേഷിന്റെ മൊഴികളിൽ വൈരുദ്ധ്യം. സൂരജ് പാമ്പിനെ വാങ്ങിയപ്പോൾ പറഞ്ഞ കാരണങ്ങൾ സുരേഷ് മാറ്റി മാറ്റിപ്പറയുകയാണ്.
പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്തപ്പോൾ, സൂരജിന് പാമ്പിനെ കൊടുത്തിട്ടില്ലെന്നു പറഞ്ഞ് സുരേഷ് രക്ഷപ്പെടാൻ ശ്രമിച്ചു. പിന്നീട് ഫോൺകാൾ വിവരങ്ങൾ നിരത്തിയപ്പോൾ രണ്ട് പാമ്പുകളെ കൊടുത്തതായി സമ്മതിച്ചു. ബോധവത്കരണ വിഡീയോ തയ്യാറാക്കാനെന്ന് പറഞ്ഞ് സൂരജ് ആദ്യം അണലിയെ വാങ്ങി. അണലി പെറ്റുപെരുകിയെന്നും അവയെ പികൂടാനെന്നും പറഞ്ഞപ്പോൾ മൂർഖനെയും നൽകിയെന്നായിരുന്നു മൊഴി.
എന്നാൽ, പെരുച്ചാഴിയെ പിടിക്കാനാണ് മൂർഖനെ നൽകിയതെന്നാണ് കോടതിയിൽ ഹാജരാക്കി മടങ്ങുമ്പോൾ മാദ്ധ്യമങ്ങൾക്ക് മുന്നിൽ സുരേഷിന്റെ വെളിപ്പെടുത്തൽ. ഈ മൊഴിയിലാണ് പൊലീസിന് കൂടുതൽ വിശ്വാസം. ഇന്ന് അന്വേഷണ സംഘം സുരേഷിനെയും സൂരജിനെയും പ്രത്യേകം ചോദ്യം ചെയ്ത് കൂടുതൽ വിവരങ്ങൾ ശേഖരിക്കും.
വനംവകുപ്പ് പിന്നാലെ
30 വരെയാണ് സുരേഷിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ഒന്നിന് വനംവകുപ്പ് കസ്റ്റഡിയിൽ വാങ്ങും. ഉത്രയെ കൊലപ്പെടുത്താൻ ഉപയോഗിച്ച കരിമൂർഖനെ കൈമാറിയതിന് വനം വകുപ്പ് സുരേഷിനെതിരെ കേസെടുത്തിട്ടുണ്ട്. അഞ്ചൽ റേഞ്ച് ഓഫീസർ കല്ലുവാതുക്കലെ വീട്ടിൽ നടത്തിയ പരിശോധനയിലും കരിമൂർഖനെ കണ്ടെത്തിയിരുന്നു. ഇതിനും പ്രത്യേകം കേസെടുത്തിട്ടുണ്ട്. അണലിയെ കൈമാറിയതിന് നിലവിൽ കേസില്ല. ചോദ്യംചെയ്ത ശേഷം അതിനും കേസെടുക്കും. സുരേഷ് നേരത്തെയും പാമ്പുകളെ വിറ്റിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
പാമ്പുകളെ ഉപയോഗിച്ചുള്ള സുരേഷിന്റെ അഭ്യാസ പ്രകടനങ്ങളുടെ വീഡിയോകളിലെ സ്ഥിരം സാന്നിദ്ധ്യമായ സഹായിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ആദ്യകാലത്ത് നാട്ടുകാർ വിളിച്ചാൽ ഏത് തരം ഇഴജന്തുക്കളെ പിടികൂടാനും സുരേഷ് എത്തുമായിരുന്നു. അടുത്തകാലത്തായി കടുത്ത വിഷമുള്ളവയെ പിടികൂടുന്നതിൽ മാത്രമായിരുന്നു താല്പര്യം.