തഴവ: തൊടിയൂർ പള്ളിക്കലാറിന് കുറുകേ അശാസ്ത്രീയമായി നിർമ്മിച്ച തടയണ ഇനിയും പൊളിച്ചുമാറ്റാത്തതിനാൽ ആശങ്ക വർദ്ധിക്കുന്നു. ആറ്റിലെ വെള്ളം ടി.എസ് കനാലിലൂടെ ഒഴുക്കിവിടാനാണ് മുപ്പത്തിഅഞ്ച് മീറ്ററോളം വീതിയുള്ള തടയണ നിർമ്മിച്ചത്. ഏകദേശം ഒരുവർഷം മുമ്പായിരുന്നു നിർമ്മാണം. ഇതിന്റെ ഭാഗമായി ആറിന്റെ വീതി അഞ്ച് മീറ്ററായി കുറച്ചിരുന്നു. ഇതോടെയാണ് നീരൊഴുക്ക് തടസപ്പെട്ടതും വെള്ളപ്പൊക്ക ഭീഷണിയുണ്ടായതും.
കഴിഞ്ഞ മഴക്കാലത്ത് പാവുമ്പയിലെ നാന്നൂറോളം വീടുകളാണ് വെള്ളത്തിലായത്. തുടർന്ന് ജില്ലാ കളക്ടർ ഉൾപ്പടെയുള്ളളവർ സ്ഥലം സന്ദർശിക്കുകയും ദുരിതബാധിതരായ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. തടയണയുടെ നിർമ്മാണം അശാസ്ത്രീയമാണെന്ന് ബോദ്ധ്യപ്പെട്ടതോടെ ഇത് പൊളിച്ചുമാറ്റുമെന്ന് ഉറപ്പുനൽകി. ഇന്നാൽ ഈ വാക്കുകൾ പതിരായി മാറി. മഴ ശക്തമായി തുടരുന്നതിനാൽ വീണ്ടുമൊരു വെള്ളപ്പൊക്ക ഭീഷണിയുടെ നടുവിലാണ് തീരത്തുള്ളവർ. നടപടി വൈകുന്നതിനാൽ പ്രദേശത്ത് പ്രതിഷേധവും ശക്തമാണ്. അശാസ്ത്രീയമായ തടയണ പൊളിച്ച് മാറ്റണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് കോൺഗ്രസ് പാവുമ്പ മണ്ഡലം കമ്മിറ്റിയും അറിയിച്ചു.