uthra

അഞ്ചൽ: ഉത്രയുടെ അകാല വേർപാട് സൃഷ്ടിച്ച നടുക്കത്തിൽ നിന്ന് അഞ്ചൽ ഏറം പ്രദേശത്തെ നാട്ടുകാർ ഇനിയും മുക്തരായിട്ടില്ല. എല്ലാവരോടും സ്നേഹത്തോടെയും ബഹുമാനത്തോടെയും പെരുമാറിയിരുന്ന ഉത്രയുടെ നിഷ്ക്കളങ്കതയെ കുറിച്ച് പറയുന്ന നാട്ടുകാർ ആ പെൺകുട്ടിക്ക് ഇങ്ങനെയൊരു ദുർവിധിയുണ്ടായതിലാണ് സങ്കടം.

സ്വന്തം ഭാര്യയെ വിഷപാമ്പിനെക്കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്താൻ മനഃസാക്ഷി മരവിച്ചവർക്ക് പോലും സാധിക്കില്ലെന്നാണ് അവർ പറയുന്നത്. ഭേദപ്പെട്ട സാമ്പത്തിക ഭദ്രതയുള്ള കുടുംബമാണ് ഉത്രയുടേത്. പിതാവ് വിജയസേനൻ പാവങ്ങളെ സഹായിക്കുന്നതിലും നാട്ടുകാരുടെ ഏതാവശ്യത്തിനും മുൻപന്തിയിൽ നിന്നിരുന്ന ആളാണ്. മകൾ നഷ്ടപ്പെട്ട ദുഃഖത്തിൽ വിങ്ങുന്ന കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻ നിരവധിപേരാണ് ഇവിടേയ്ക്കെത്തുന്നത്. ഉത്രയുടെ വീടിന് സമീപം ചെറിയ ചായക്കട നടത്തുന്ന പുഷ്പരാജനും സങ്കടം അടക്കാനാകുന്നില്ല.

രാവിലെ സ്കൂൾ ബാഗും തൂക്കി പുഞ്ചിരിച്ച് കടയുടെ മുന്നിലൂടെ കടന്നുപോയിരുന്ന വിദ്യാർത്ഥിനിയായ ഉത്രയെ ഇന്നലത്തെ ചിത്രംപോലെ മനസിൽ സൂക്ഷിക്കുകയാണ് പുഷ്പരാജൻ. സൂരജുമായുള്ള വിവാഹം നടന്നപ്പോൾ ആ കുട്ടിക്ക് നല്ലൊരു ജീവിതം കിട്ടിയെന്ന പ്രതീക്ഷയായിരുന്നു. എന്നാൽ അവൻ ഒരു കാട്ടാളനാണെന്ന് അറിഞ്ഞില്ലെന്ന് അദ്ദേഹം പറയുന്നു. സ്വത്താണ് ആവശ്യമായിരുന്നതെങ്കിൽ അവളുടെ പിതാവ് അത് കൊടുക്കുമായിരുന്നു. അവളോട് ഇത്രയും ക്രൂരത ചെയ്യണമായിരുന്നോ എന്ന് ബന്ധുവായ മല്ലിക ചോദിക്കുന്നു. ഉത്രയെ ആസൂത്രിതമായി കൊലപ്പെടുത്തിയ സൂരജിന് നിയമം അനുശാസിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കാൻ കുടുംബം നടത്തുന്ന എല്ലാ നിയമ പോരാട്ടങ്ങൾക്കും നാട്ടുകാർ ഒപ്പമുണ്ടാകുമെന്ന് ഏറം സ്വദേശിയും അഞ്ചൽ ഗ്രാമപഞ്ചായത്ത് അംഗവുമായ വലിയവിള വേണു പറഞ്ഞു.