കുണ്ടറ പള്ളിമുക്ക് ജംഗ്ഷനിൽ റെയിൽവേ മേൽപ്പാലം
കൊല്ലം: കോയിക്കൽ മുതൽ കരിക്കോട് ജംഗ്ഷൻ വരെയുള്ള രൂക്ഷമായ ഗതാഗതക്കുരുക്കിന് ഒടുവിൽ പരിഹാരമാകുന്നു. ഇതോടെ നാളുകളായുള്ള പ്രദേശവാസികളുടെ ആവശ്യമാണ് യാഥാർത്ഥ്യമാകുന്നത്. കൊല്ലം തിരുമംഗലം ദേശീയപാത 744ൽ കോയിക്കൽ മുതൽ കരിക്കോട് വരെയുള്ള മൂന്ന് കിലോമീറ്റർ റോഡ് നാലുവരിപ്പാതയാക്കാനും കുണ്ടറ പള്ളിമുക്ക് ജംഗ്ഷനിൽ റെയിൽവേ മേൽപ്പാലവും ഫ്ലൈ ഓവറും നിർമ്മിക്കാനാണ് തീരുമാനമായത്. ഇതിനായി 447.15 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. കൊല്ലം ബൈപ്പാസ് നിലവിൽ വന്നതോടെയാണ് ദേശീയപാത 744ൽ കോയിക്കൽ മുതൽ കരിക്കോട് ജംഗ്ഷൻ വരെ ഗതാഗതക്കുരുക്ക് രൂക്ഷമായത്.
3 പുത്തൻ പാലങ്ങൾ
കോയിക്കൽ മുതൽ കരിക്കോട് ജംഗ്ഷൻ വരെയുള്ള പാത നാലുവരിയാക്കുമ്പോൾ മൂന്നാംകുറ്റിയിലും കരിക്കോടുമുള്ള റെയിൽവേ മേൽപ്പാലങ്ങൾ പൊളിച്ചുമാറ്റി പുതിയ നാലുവരിപ്പാലങ്ങൾ നിർമ്മിക്കേണ്ടതുണ്ട്. കോയിക്കൽ ജംഗ്ഷനിൽ ഗതാഗതക്കുരുക്കിന് കാരണമായ ഇടുങ്ങിയ പാലവും പൊളിച്ചുമാറ്റി നാലുവരിയിൽ പുതിയ പാലം നിർമ്മിക്കും. ഇതിനായി 280.15 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി.
കുണ്ടറ മേൽപ്പാലത്തിന് 166.85 കോടി രൂപ
കുണ്ടറ പള്ളിമുക്ക് ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പള്ളിമുക്കിലെ റെയിൽവേ ഗേറ്റിന് പകരം പുതിയ മേൽപ്പാലവും ദേശീയ പാതയിൽ ഫ്‌ളൈഓവറും കൂടി ചേർന്ന നിർമ്മാണ പ്രവർത്തനത്തിനായി 166.85 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി. പള്ളിമുക്ക് ജംഗ്ഷനിൽ പുതിയ റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണത്തിന് കിഫ്ബിയിൽ നിന്ന് നേരത്തേ അനുമതി ലഭിച്ചിരുന്നു. ഗതാഗതക്കുരുക്ക് കൂടുതൽ കാര്യക്ഷമമായി പരിഹരിക്കുന്നതിനായാണ് റെയിൽവേ മേൽപ്പാലത്തിനൊപ്പം ഫ്‌ളൈ ഓവർ കൂടി നിർമ്മിക്കുന്നത്. ദേശീയപാതാ വികസനത്തിനായി തയ്യാറാക്കിയ പുതിയ പദ്ധതി കിഫ്ബിയിലുൾപ്പെടുത്തി നടപ്പാക്കും.
ബ്രിഡ്ജസ് ആൻഡ് റോഡ്‌സ് ഡെവലപ്പ്‌മെന്റ് കോർപ്പറേഷനെ പദ്ധതി നടപ്പാക്കാനുള്ള ഏജൻസിയായി നിയമിക്കാനായി പൊതുമരാമത്ത് മന്ത്രിയുമായി ചർച്ച നടത്തും.
മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ
447.15 കോടി രൂപയുടെ ഭരണാനുമതി