fishing

 ഇത്തവണ തമിഴ് വള്ളങ്ങളെ അടുപ്പിക്കില്ല

കൊല്ലം: ട്രോളിംഗ് നിരോധന കാലത്ത് കോള് കൊയ്യാൻ തമിഴ്നാട്ടിൽ നിന്ന് കൊല്ലം തീരത്ത് പതിവായി എത്തുന്ന വള്ളങ്ങളെ ഇത്തവണ അടുപ്പിക്കില്ല. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനം.

പോർട്ട് കൊല്ലം മുതൽ തങ്കശേരി വരെയുള്ള ഭാഗത്താണ് സാധാരണ തമിഴ്നാട്ടിലെ കന്യാകുമാരിയിൽ നിന്ന് മത്സ്യത്തൊഴിലാളികൾ കൂട്ടത്തോടെ എത്തുന്നത്. ജൂൺ ആദ്യം എത്തുന്ന ഇവർ സെപ്തംബറിലാണ് മടങ്ങുന്നത്. ട്രോളിംഗ് നിരോധന കാലത്ത് ബോട്ടുകൾ കടലിൽ പോകാത്തതിനാൽ പരമ്പരാഗത വള്ളങ്ങളിൽ എത്തിക്കുന്ന മത്സ്യത്തിന് ചോദിക്കുന്ന വില കിട്ടും. ഏകദേശം 400 വള്ളങ്ങളാണ് എത്തുന്നത്. 1500 തൊഴിലാളുകളും ഉണ്ടാകും. കൊല്ലം തീരത്തുള്ളവരുടെ വള്ളങ്ങളിൽ പണിക്ക് പോകാനും ഒരു സംഘം എത്താറുണ്ട്. ഹാർബറുകളോട് ചേർന്ന് കടൽക്കരയിലും തീരത്തോട് ചേർന്നുള്ള പ്രദേശങ്ങളിൽ വീട് വാടകയ്ക്ക് എടുത്തുമാണ് താമസം. ഇവർക്ക് ഭക്ഷണം തയ്യാറാക്കി നൽകൽ ഇക്കാലയളവിൽ തീരദേശത്തെ ഒരുവിഭാഗത്തിനുള്ള വരുമാന മാർഗവുമാണ്.

പ്രത്യേക പട്രോളിംഗുമായി പൊലീസ്

പുതിയ തീരുമാനം തമിഴ്നാട്ടിൽ നിന്നുള്ളവരെ പണിക്ക് കൊണ്ടുപോകുന്ന കൊല്ലത്തെ വള്ളം ഉടമകളെ അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ തീരദേശത്ത് ഇതുസംബന്ധിച്ച് പ്രത്യേക അനൗൺസ്‌മെന്റ് നടത്തും. കന്യാകുമാരി ജില്ലാ ഭരണകൂടത്തിനും അറിയിപ്പ് നൽകിയിട്ടുണ്ട്. ലോറികളിൽ കൊണ്ടുവരുന്നതിന് പുറമേ കടൽ മാർഗവും ഇവർ വള്ളങ്ങൾ എത്തിക്കാറുണ്ട്. നിയന്ത്രണം ലംഘിച്ച് ആരെങ്കിലും എത്തുന്നുണ്ടോയെന്ന്കണ്ടെത്താൻ തീരദേശത്തും കടലിലും പൊലീസിന്റെ പ്രത്യേക പട്രോളിംഗ് ഉണ്ടാകും. പൊലീസിന്റെ കണ്ണ് വെട്ടിച്ച് ആരെങ്കിലും എത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ വിവരം നൽകാൻ തീരദേശവാസികൾക്കും പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്.

കൊല്ലം തീരത്തെ വള്ളങ്ങൾ: 850

മത്സ്യത്തൊഴിലാളികൾ: 3500

തമിഴ്നാട്ടിൽ നിന്ന് എത്തുന്ന വള്ളങ്ങൾ: 400

തൊഴിലാളികൾ: 1,​500

ഇവിടുത്തുകാർക്ക് നേട്ടം

തമിഴ്നാട്ടുകാർക്ക് നിയന്ത്രണം വരുന്നതോടെ ട്രോളിംഗ് നിരോധന കാലത്തെ വിലവർദ്ധനവിന്റെ നേട്ടം പൂർണമായും ഇവിടുത്തെ മത്സ്യത്തൊഴിലാളികൾക്ക് ലഭിക്കും. വള്ളങ്ങളുടെ എണ്ണം കുറയുന്നതോടെ പോകുന്നവർക്ക് മോശമല്ലാത്ത നിലയിൽ മത്സ്യവും ലഭിക്കും.