കൊല്ലം: ഡീസന്റ് മുക്ക് പുതുച്ചിറ ആറിന് സമീപം പെരുങ്കുളം വയലിൽ വൃദ്ധന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കൊറ്റങ്കര പേരൂർ അംബേദ്കർ കോളനിക്ക് സമീപം കല്ലുവിള പുത്തൻ വീട്ടിൽ തങ്ങൾ കുഞ്ഞിന്റെ (57) മൃതദേഹമാണ് കണ്ടെത്തിയത്. കൊലപാതകമാണോ ആത്മഹത്യയാണോയെന്ന കാര്യം വ്യക്തമല്ല.

ഇന്നലെ രാവിലെ പത്തോടെ വയലിൽ കളിക്കാനെത്തിയ കുട്ടികളാണ് മൃതദേഹം കണ്ടത്. മൃതദേഹം കിടന്ന സ്ഥലം റോഡിൽ നിന്ന് 400 മീറ്റർ അകലെയാണ്. ശരീരത്തിൽ കത്താതെ അവശേഷിച്ച വസ്ത്രഭാഗത്തിൽ നിന്ന് ലഭിച്ച പേഴ്സിനുള്ളിൽ ഉണ്ടായിരുന്ന ആധാർ കാർഡ്, തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് എന്നിവയിൽ നിന്നാണ് ആളിനെ തിരിച്ചറിഞ്ഞത്. മൊബൈൽ ഫോണും ഭാഗികമായി നശിച്ച നിലയിൽ സ്ഥലത്ത് നിന്ന് കണ്ടെത്തി. മൃതദേഹം കിടന്നതിന് ചുറ്റും പുല്ലുകൾ കത്തിക്കരിഞ്ഞിട്ടുണ്ട്. തൊട്ടടുത്തുള്ള മരത്തിലേക്കും ചെറുതായി തീ പടർന്നിട്ടുണ്ട്.

കന്നാസിന്റെ അടപ്പും കണ്ടെത്തി. കന്നാസ് ഉരുകി നശിച്ചതാകാമെന്ന് പൊലീസ് പറയുന്നു. വയലിന് കുറുകെ മണ്ണിട്ട് നിർമ്മിച്ച വരമ്പിന് ഇരുചക്ര വാഹനങ്ങൾക്ക് കടന്നുപോകാവുന്ന വീതിയേയുള്ളു. മൃതദേഹം കണ്ടെത്തിയിടത്ത് നിന്ന് ഏകദേശം 500 മീറ്ററോളം അകലയേ വീടുകളുള്ളൂ. അതുകൊണ്ടുതന്നെ തീപടരുന്നത് ആരുടെയും ശ്രദ്ധയിൽപ്പെട്ടിട്ടില്ല.

പൊലീസിലെ സയന്റിഫിക് വിഭാഗം, വിരലടയാള വിദഗ്ദ്ധർ, ഡോഗ് സ്ക്വാഡ് തുടങ്ങിയവർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണനും സ്ഥലത്തെത്തി. തങ്ങൾകുഞ്ഞ് ലോറി ഉടമയും ഡ്രൈവറുമായിരുന്നു. കടുത്ത സാമ്പത്തിക പ്രയാസം ഉണ്ടായപ്പോൾ പേരൂരിലെ വസ്തുക്കൾ വിറ്റ ശേഷം ഓടനാവട്ടത്തായിരുന്നു താമസം. അവിടെ ഒരു പലഹാരനിർമ്മാണക്കടയിൽ ജോലി നോക്കി വരികയായിരുന്നു. ഭാര്യ നസീമ മകൾ നിഷയ്ക്കും മരുമകൻ നവാസിനുമൊപ്പം സൗദിയിലാണ്. മകൻ നൈസൽ കണ്ണനല്ലൂർ കെ.എസ്.ഇ.ബിയിലെ ജീവനക്കാരനാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

*കൊലപാതക സാദ്ധ്യത തള്ളിക്കളയാനാകില്ല. അത്തരത്തിലുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ശരീരത്ത് തീ പടർന്നപ്പോൾ രക്ഷപെടാനായി വെള്ളം ഉണ്ടായിരുന്ന വയലിലേക്ക് ചാടാതിരുന്ന് സംശയം ഉയർത്തുന്നു.

ദിലീഷ്

സി.ഐ, കൊട്ടിയം

thangalkunju