കൊല്ലം: ഉത്ര മരിച്ചത് പാമ്പിന്റെ കടിയേറ്റാണെന്ന് സ്ഥിരീകരിച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് കേസ് അന്വേഷിക്കുന്ന കൊല്ലം റൂറൽ ക്രൈം ബ്രാഞ്ച് സംഘത്തിന് ലഭിച്ചത്. ഇതോടെ തെളിവുകൾക്ക് കൂടുതൽ ശാസ്ത്രീയ പിന്തുണ ലഭിക്കുകയാണ്.
ഉത്രയെ കടിച്ച പാമ്പിനെ തന്നെയാണ് മുറിയിൽ നിന്ന് കണ്ടെത്തി തല്ലിക്കൊന്നതെന്ന് ഉറപ്പിക്കാൻ കഴിഞ്ഞ ദിവസം പാമ്പിനെയും പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയിരുന്നു.
മേയ് 7ന് രാവിലെ ഉത്രയുടെ മരണം സ്ഥിരീകരിച്ച അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ മരണകാരണം പാമ്പുകടിയാണെന്ന നിഗമനത്തിലെത്തിയിരുന്നു. തുടർന്ന് കിടപ്പുമുറിയിൽ ഉത്രയുടെ സഹോദരനും ഭർത്താവ് സൂരജും നടത്തിയ തെരച്ചിലിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. ഇതോടെ മൂർഖൻ കടിച്ച് മരിച്ചതാണെന്ന് ഉറപ്പിച്ചെങ്കിലും അസ്വാഭാവിക മരണമെന്ന നിലയിലാണ് പോസ്റ്റ്മോർട്ടം നടത്താൻ പൊലീസ് തീരുമാനിച്ചത്.
ഉത്രയുടെ കുടുംബത്തിന്റെ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തുമ്പോഴും സൂരജിനെ അറസ്റ്റ് ചെയ്യുമ്പോഴും മരണകാരണം പാമ്പുകടിയാണെന്ന് ശാസ്ത്രീയ സ്ഥിരീകരണം ഉണ്ടായിരുന്നില്ല.
വിഷപ്പല്ലിന് അഞ്ച് മില്ലിമീറ്റർ നീളം
പോസ്റ്റുമോർട്ടം നടത്താൻ ഉത്രയുടെ വീട്ടു പറമ്പിൽ നിന്ന് മൂർഖൻ പാമ്പിന്റെ അവശിഷ്ടം കുഴിച്ചെടുത്തപ്പോൾ അഞ്ച് മില്ലിമീറ്റർ നീളമുള്ള രണ്ട് വിഷപ്പല്ലുകളാണ് ലഭിച്ചത്.
ഇവയ്ക്കൊപ്പം പാമ്പിന്റെ ശരീരവും രാസലായനിയിലാക്കി പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ അന്വേഷണ സംഘത്തിന് കൈമാറി. കൂടുതൽ ശാസ്ത്രീയ പരിശോധനകൾ നടത്താനും തെളിവായി പാമ്പിന്റെ ശരീരവും കോടതിയിലെത്തിക്കാനുമാകും.