പുനലൂർ: കല്ലടയാറ്റിലെ ഒറ്റക്കൽ തടയണയുടെ പടിഞ്ഞാറ് ഭാഗത്ത് നിന്ന് മണൽ ശേഖരിക്കുന്നതിന് മുന്നോടിയായി കൊല്ലത്ത് നിന്നെത്തിയ സർവേ വിഭാഗം ഉദ്യോഗസ്ഥർ വെള്ളത്തിൻെറ അളവ് പരിശോധിച്ചു. ചൊവ്വാഴ്ച ആരംഭിച്ച പരിശോധന ഇന്നലെ പൂർത്തിയാക്കി. ഒറ്റക്കൽ തടയണ മുതൽ തെന്മല പരപ്പാർ അണക്കെട്ടിന് താഴെയുള്ള രണ്ട് കിലോമീറ്റർ ദൂരത്തെ ആറ്റിൽ നിന്നാണ് മണൽ വാരാൻ ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി നാല് മാസം മുമ്പ് വനം, കെ.ഐ.പി അധികൃതർ ഒറ്റക്കൽ തടയണ മുതൽ തെന്മല ഡാം ജംഗ്ഷൻ വരെയുള്ള ആറ്റുതീരങ്ങളിൽ പ്രാഥമിക പരിശോധന നടത്തിയിരുന്നു. മണൽ ക്ഷാമത്തെ തുടർന്ന് നിർമ്മാണ മേഖലകളിലുണ്ടായ രൂക്ഷമായ പ്രതിസന്ധി പരിഹരിക്കാനാണ് കല്ലടയാറ്റിൽ നിന്ന് മണൽ വാരാൻ സർക്കാർ പദ്ധതിയിട്ടത്.