കൊല്ലം: ഉത്രയെ മൂർഖനെ കൊണ്ട് കടിപ്പിക്കുന്നതിന് മുമ്പ് മയങ്ങാൻ ഗുളികയോ മരുന്നോ കൊടുത്തിരുന്നോയെന്ന് ഉത്രയുടെ ആന്തരികാവയവങ്ങളുടെ പരിശോധനാഫലം ഇന്ന് കിട്ടുന്നതോടെ വ്യക്തമാകും.
പാമ്പ് കടിക്കുന്നത് ഉത്ര അറിയുകയോ ഉണർന്ന് ബഹളം വയ്ക്കുകയോ ചെയ്തിരുന്നെങ്കിൽ സൂരജിന്റെ പദ്ധതി പാളുമായിരുന്നു. അതിനാൽ നേരത്തെ മയക്കുമരുന്ന് കൊടുത്തിട്ടുണ്ടാകാമെന്നാണ് പൊലീസ് നിഗമനം. ഇക്കാര്യത്തിൽ പരസ്പര വിരുദ്ധമാണ് സൂരജിന്റെ വെളിപ്പെടുത്തൽ. സാധാരണ കേസുകളിൽ ആന്തരികാവയവങ്ങളുടെ ഫോറൻസിക് പരിശോധനാഫലം വൈകാറുണ്ട്. എന്നാൽ ഈ കേസിൽ ഇന്നുതന്നെ ലഭിക്കാനുള്ള ശ്രമമാണ് അന്വേഷണ സംഘം നടത്തുന്നത്.
അടൂരിലെ വീട്ടിലെ സ്റ്റെയർകേസ് പടിയിൽ ഉത്ര കണ്ടത് ചേരയെ ആണെന്നാണ് സൂരജ് തറപ്പിച്ച് പറയുന്നത്. മൊബൈൽ ഫോൺ എടുത്തുവരാൻ മുകളിലേക്ക് പറഞ്ഞയച്ച ഉത്ര പടിയിൽ പാമ്പിനെ കണ്ട് നിലവിളിച്ച് ഓടിയിരുന്നു. എന്നാൽ അത് ചേരയായിരുന്നെന്നും ചാക്കിലാക്കി പുറത്തേക്ക് കളഞ്ഞെന്നുമാണ് സൂരജ് പറയുന്നത്. സൂരജും കൂട്ടുപ്രതി സുരേഷുമായുള്ള തെളിവെടുപ്പ് പൂർത്തിയായി. ഇനി ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയാണ് അന്വേഷണ സംഘത്തിന്റെ ദൗത്യം. ദൃക്‌സാക്ഷികൾ ഇല്ലാത്തതിനാൽ ശാസ്ത്രീയമായ തെളിവുകളുടെ ബലത്തിലാകും കുറ്റപത്രം തയ്യാറാക്കുക.
ബന്ധുക്കളെ ഇന്ന് ചോദ്യം ചെയ്യും
സൂരജിന്റെ മാതാപിതാക്കളെയും സഹോദരിയെയും കൂടാതെ സുഹൃത്തുക്കളെയും ഇന്ന് ചോദ്യം ചെയ്യും. ആദ്യം അടൂർ പറക്കോട്ടെ വീട്ടിലെത്തി ചോദ്യം ചെയ്ത ശേഷം വേണ്ടിവന്നാൽ പ്രത്യേക കേന്ദ്രത്തിലെത്തിച്ചും മൊഴിയെടുക്കും. ഇവരെ പ്രതികളാക്കണോയെന്ന് അതിനുശേഷം തീരുമാനിക്കും.