ഗാർഹിക പീഡനങ്ങൾ വർദ്ധിച്ചെന്ന്
കൊല്ലം: കൊവിഡ് ലോക്ക്ഡൗൺ കാലത്തെ ഗാർഹിക പീഡനങ്ങൾ തടയാൻ
കൊല്ലം റൂറൽ പൊലീസിന്റെ വനിതാസെൽ കേന്ദ്രീകരിച്ച് ഡൊമസ്റ്റിക് കോൺഫ്ലിക്ട്സ് റെസല്യൂഷൻ സെന്റർ (ഡി.സി.ആർ.സി) പ്രവർത്തനം തുടങ്ങി. ലോക്ക് ഡൗൺ കാലത്ത് ഗാർഹിക പീഡനങ്ങൾ വർദ്ധിച്ചുവെന്ന ദേശീയ വനിതാ കമ്മിഷന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് റൂറൽ പൊലീസ് അടിയന്തര ഇടപെടൽ നടത്തിയത്.
സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ എന്നിവർക്കെതിരായ അതിക്രമങ്ങൾ സംബന്ധിച്ച പരാതികൾ വനിതാ സെല്ലിലെ ഡി.സി.ആർ.സിയെ അറിയിക്കാം. 2011 മുതൽ കൊല്ലം റൂറൽ പൊലീസിൽ വനിതാ സെൽ പ്രവർത്തന സജ്ജമാണ്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അക്രമങ്ങൾ ചെറുക്കുന്നതിനൊപ്പം ഗാർഹിക പീഡനങ്ങൾ തടയാനും സ്ത്രീകൾക്ക് അന്തസാർന്ന സാമൂഹിക ജീവിതം ഉറപ്പ് വരുത്താനും വനിതാ സെൽ ക്രിയാത്മക ഇടപെടലാണ് നടത്തുന്നത്.
വനിതകൾ, കുട്ടികൾ എന്നിവർക്കെതിരായ ലൈംഗികാതിക്രമങ്ങൾ വനിതാ ഇൻസ്പെക്ടർ അന്വേഷിക്കണമെന്ന് കൊല്ലം റൂറൽ എസ്.പി എസ്. ഹരിശങ്കർ നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇത്തരം കേസുകളുടെ അന്വേഷണ ചുമതല വനിതാ സെല്ലിന് കൈമാറിയിരുന്നു.
നിയമസഹായം, കായിക പ്രതിരോധം
സ്ത്രീകൾ നിത്യജീവിതത്തിൽ നേരിടുന്ന അതിക്രമങ്ങൾ, ശല്യപ്പെടുത്തലുകൾ എന്നിവ ചെറുക്കാൻ ലളിതമായ കായിക പ്രതിരോധ മാർഗങ്ങൾ വിദ്യാർത്ഥിനികൾ, യുവതികൾ, വീട്ടമ്മമാർ എന്നിവരെ വനിതാ സെൽ പരിശീലിപ്പിച്ചിരുന്നു.
സ്കൂളുകൾ, കോളേജുകൾ, കോളനികൾ, സ്ത്രീ തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ, കുടുംബശ്രീ യൂണിറ്റുകൾ എന്നിവ കേന്ദ്രീകരിച്ച് വനിതാ സെൽ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നിർഭയ വാളണ്ടിയേഴ്സിനെ ഉൾപ്പെടുത്തിയാണ് പരിശീലനം നൽകിയത്. കായിക പ്രതിരോധ പരിശീലനം നേടിയവർക്ക് നിയമ ബോധവത്കരണവും നടത്തിയിരുന്നു.
കണ്ണടയ്ക്കാതെ പൊലീസ്
1. പരാതിക്കാർക്കും പൊതുജനങ്ങൾക്ക് വിളിക്കാം
2. സ്ത്രീകളുടെ പരസ്യപ്പെടുത്താനാകാത്ത പരാതികളും അറിയിക്കാം
3. വാട്സ് ആപ്പ് മുഖേനെയും പരാതികൾ അറിയിക്കാൻ സൗകര്യം
4. ഓരോ കേസിലും പൊലീസിന്റെ കൃത്യമായ ഇടപെടൽ
5. വീടുകളിലെത്തി വിവരശേഖരണം നടത്തും
''
ഫാമിലി കൗൺസലിംഗ് സെന്ററിൽ നിന്ന് ലഭിക്കുന്ന നിയമ സഹായം, കൗൺസലിംഗ്, അടിയന്തര സഹായങ്ങൾ എന്നിവയ്ക്കും ഡി.സി.ആർ.സി നമ്പർ ഉപയോഗിക്കാം.
എസ്.ഹരിശങ്കർ
കൊല്ലം റൂറൽ എസ്.പി
ഡി.സി.ആർ.സി നമ്പർ
9497931113