
കരാർ അന്തിമമാക്കാൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ചുമതല
കൊല്ലം: കൊല്ലം നഗരത്തിലെ തെരുവ് വിളക്ക് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്ന ഇന്റലിജന്റ് എൽ.ഇ.ഡി പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിശദ ചർച്ചയ്ക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഇന്നലെ തദ്ദേശ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്റെ ഓഫീസിൽ ജില്ലയുടെ ചുമതലയുള്ള മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ, മേയർ, സെക്രട്ടറി തുടങ്ങിയവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
കോർപ്പറേഷൻ സെക്രട്ടറി, കരാർ ഏജൻസി, കെ.എസ്.ഇ.ബി, എനർജി മാനേജ്മെന്റ് സെന്റർ എന്നിവരുമായി പ്രിൻസിപ്പൽ സെക്രട്ടറി ചർച്ച നടത്തി രണ്ടാഴ്ചയ്ക്കുള്ളിൽ കരാറിന്റെ വിശദരൂപരേഖ അന്തിമമാക്കും.
കരാർ തയ്യാറാക്കിയപ്പോൾ 31 ലക്ഷം രൂപയായിരുന്നു നഗരസഭ പ്രതിമാസം നൽകിയിരുന്ന വൈദ്യുതി ചാർജ്ജ്. ഇപ്പോൾ 34 ലക്ഷമായി ഉയർന്നു. കരാറിൽ ജി.എസ്.ടി ഉൾപ്പെട്ടിരുന്നില്ല. വൈദ്യുതി ചാർജ്ജിലെ വർദ്ധനവും ജി.എസ്.ടിയും നൽകാനാവില്ലെന്ന നഗര ഭരണത്തിലെ ഒരു വിഭാഗത്തിന്റെ ശാഠ്യമാണ് തർക്കങ്ങൾക്കും കുപ്രചരണങ്ങൾക്കും ഇടയാക്കിയത്.
ക്ഷുഭിതനായി മന്ത്രി
യോഗത്തിൽ നഗരസഭാ സെക്രട്ടറി കരാറിന്റെ നിലവിലെ സ്ഥിതി വിശദീകരിച്ചു. തുടർന്ന് മുൻ മേയർ വി. രാജേന്ദ്രബാബു, ഡെപ്യൂട്ടി മേയർ ഗീതാകുമാരി തുടങ്ങിയവർ സംസാരിച്ചു. മേയർ സംസാരിച്ച് തുടങ്ങിയപ്പോൾ നേരത്തെ പറഞ്ഞ കാര്യങ്ങൾ ആവർത്തിക്കേണ്ടെന്ന് മന്ത്രി എ.സി. മൊയ്തീൻ അല്പം ക്ഷുഭിതനായി പറഞ്ഞു. എൽ.ഇ.ഡി ലൈറ്റുകൾ വ്യാപിപ്പിക്കുകയാണ് സർക്കാർ നയമെന്നും അതിനനുസരിച്ചുള്ള തീരുമാനങ്ങളുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
" പദ്ധതിയെക്കുറിച്ച് ഉയർന്ന ആരോപണങ്ങളിൽ അർത്ഥമില്ല. ജി.എസ്.ടി കൂടുതലാണെന്ന് പറയുന്നതിൽ അർത്ഥമില്ല. അത് കൊടുക്കാതിരിക്കാനാവില്ല "
മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ
ഇന്റലിജന്റ് പദ്ധതി
തെരുവ് വിളക്കുകൾ അണഞ്ഞാൽ 24 മണിക്കൂറിനകം നന്നാക്കും. ഇല്ലെങ്കിൽ കരാർ ഏജൻസി നഗരസഭയ്ക്ക് നിശ്ചിത തുക നഷ്ട പരിഹാരം നൽകും.
തെരുവ് വിളക്കിന്റെ വൈദ്യുതി ഉപഭോഗം 75 ശതമാനം ഇടിയും.
തെരുവ് വിളക്ക് അണയുന്നത് അറിയിക്കാൻ മൊബൈൽ അപ്പ്.