covid

പാരിപ്പള്ളി: നാട്ടിലേക്ക് മടങ്ങിയെത്തിയ പ്രവാസികളെ കല്ലുവാതുക്കൽ പഞ്ചായത്തിലെ നിരീക്ഷണ കേന്ദ്രങ്ങളിൽ പ്രവേശിപ്പിച്ചു തുടങ്ങി. ബുധനാഴ്ച വെളുപ്പിന് രണ്ട് മണിയോടെ 61 പേർ എത്തിച്ചേർന്നു. പാരിപ്പള്ളി വില്ലേജ് ഓഫീസിന്റെ പരിധിയിലുള്ള നാല് ലോഡ്ജുകളിലായി 41 പുരുഷന്മാരെയും 11 വനിതകളെയും കല്ലുവാതുക്കൽ വില്ലേജ് ഓഫീസിന്റെ പരിധിയിലുള്ള ലോഡ്ജിൽ 9 പുരുഷന്മാരെയുമാണ് നീരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

പാരിപ്പള്ളി വില്ലേജിൽ എട്ട് ലോഡ്ജുകളിലായി 90 പേർക്കാണ് താമസ സൗകര്യം സജ്ജമാക്കിയിരിക്കുന്നത്. കല്ലുവാതുക്കൽ വില്ലേജിൽ മൂന്ന് സ്ഥാപനങ്ങളിലായി 37 പേർക്ക് തങ്ങാൻ കഴിയും. ആരോഗ്യം, പഞ്ചായത്ത്, റവന്യു, പൊലീസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. ഓരോ താമസ സ്ഥലത്തെയും അന്തേവാസികളുടെ ക്ഷേമം ഉറപ്പാക്കാനും നിരീക്ഷിക്കാനുമായി വെൽഫെയർ ഓഫീസർമാരെയും നിയമിച്ചിട്ടുണ്ട്.