കൊല്ലം: കൊല്ലം - തിരുമംഗലം ദേശീയപാത 744ൽ കോയിക്കൽ മുതൽ കരിക്കോട് ജംഗ്ഷൻ വരെയുള്ള മൂന്ന് കിലോമീറ്റർ നാലുവരി പാതയാക്കാനും കുണ്ടറ പള്ളിമുക്ക് ജംഗ്ഷനിൽ റെയിൽവേ മേൽപ്പാലവും ഫ്ളൈഓവറും നിർമ്മിക്കാനും 447.15 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. കൊല്ലത്തിന്റെ ചുമതലയുള്ള മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ മന്ത്രിമാരായ ജി. സുധാകരൻ, ഡോ. തോമസ് ഐസക് എന്നിവരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് പദ്ധതിക്ക് ഭരണാനുമതി നൽകിയത്.
കൊല്ലം ബൈപാസ് യാഥാർത്ഥ്യമായതോടെ ദേശീയപാത 744ൽ കോയിക്കൽ ജംഗ്ഷൻ മുതൽ കരിക്കോട് ജംഗ്ഷൻ വരെ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടർന്നാണ് ദേശീയപാത വിഭാഗത്തെ വിളിച്ചുചേർത്ത് പദ്ധതി രൂപരേഖ തയ്യാറാക്കി പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തിയത്.