കൊല്ലം: ലോക്ക് ഡൗണിൽ ഇളവ് അനുവദിച്ചതിന്റെ ഭാഗമായി ജില്ലയിൽ ഇതുവരെ 6,570 പേർ അന്യദേശങ്ങളിൽ നിന്ന് മടങ്ങിയെത്തി. ഇതിൽ 937 പേർ വിദേശത്ത് നിന്നും ബാക്കിയുള്ള 5,633 പേർ അന്യസംസ്ഥാനങ്ങളിൽ നിന്നുമെത്തിയതാണ്.
വിദേശത്ത് നിന്നെത്തിയ 486 പേർ ഇപ്പോൾ സർക്കാരിന്റെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലാണ്. ബാക്കി 451 പേർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ ബഹുഭൂരിപക്ഷം പേരും വീടുകളിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. ചെറിയൊരു വിഭാഗം മാത്രമാണ് സർക്കാർ ക്വാറന്റൈനിലുള്ളത്. നോർക്കയുടെ കണക്ക് പ്രകാരം 28,000 പേർ വിദേശത്ത് നിന്ന് മടങ്ങിവരാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 8,000 പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും.
സംസ്ഥാന സർക്കാരിന്റെ കൊവിഡ് ജാഗ്രത വെബ്സൈറ്റ് വഴിയാണ് അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് യാത്രാപ്പാസ് നൽകുന്നത്. വിദേശത്ത് നിന്ന് വരുന്നവരുടെ രജിസ്ട്രേഷൻ നോർക്ക വഴിയും.
ഇതുവരെ എത്തിയത്
വിദേശത്ത് നിന്ന്: 937
ഹോം ക്വാറന്റൈനിൽ: 451
സർക്കാർ ക്വാറന്റൈനിൽ: 486
യഥാർത്ഥ നിരക്കിന്റെ മൂന്നിലൊന്ന് മുറിവാടക
സർക്കാരിന്റെ പുതിയ തീരുമാന പ്രകാരം വിദേശത്ത് നിന്നുമെത്തി സർക്കാർ ക്വാറന്റൈനിൽ ഹോട്ടലുകളിൽ കഴിയുന്നവർ മുറിവാടകയായി യഥാർത്ഥ നിരക്കിന്റെ മൂന്നിലൊന്ന് നൽകണം. ഇതുസംബന്ധിച്ച ഉത്തരവ് ജില്ലാകളക്ടർ ഉടൻ പുറത്തിറക്കും. കൊല്ലം നഗരത്തിലെ രണ്ട് ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ നേരത്തെ തന്നെ പെയ്ഡ് ക്വാറന്റൈൻ സംവിധാനമുണ്ടെങ്കിലും ആരും ഇതുവരെ മുറിയെടുത്തില്ല. പെയിഡ് ക്വാറന്റൈനിലുള്ള ത്രീ സ്റ്റാർ ഹോട്ടലുകളിൽ ഇപ്പോൾ തന്നെ മൂന്നിലൊന്ന് തുക മാത്രമാണ് മുറിവാടകയായി വാങ്ങുന്നത്.