
കൊല്ലം: അയൽവാസിയുടെ ബൈക്ക് മോഷ്ടിച്ച രണ്ട് യുവാക്കളെ തെന്മല പൊലീസ് പിടികൂടി. ഒറ്റക്കൽ മാഞ്ചിയംകുന്ന് നന്ദിനി ഭവനിൽ നന്ദൻ(19), ഇടമൺ-34 ആയിരനെല്ലൂർ ഷാൻ ഭവനിൽ ഷാൻ (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒറ്റക്കൽ റെയിൽവേ സ്റ്റേഷന് സമീപം താമസിക്കുന്ന ഷെഫീക്കിന്റെ വീട്ടുമുറ്റത്തിരുന്ന ബൈക്ക് മോഷ്ടിച്ച യുവാക്കൾ പെട്രോൾ തീർന്നതിനെ ഇത് തുടർന്ന് പാതയോരത്ത് ഉപേക്ഷിച്ചു.
തുടർന്ന് ഒറ്റക്കൽ റെയിൽവേ സ്റ്റേഷൻ ആര്യഭവനിൽ ബിനു കുമാറിന്റെ ബൈക്ക് മോഷ്ടിച്ച ശേഷം ചാലിയക്കരയിലെ വനത്തിൽ ഒളിപ്പിക്കുകയായിരുന്നു. ഇന്നലെ രാവിലെ ബൈക്ക് മോഷണം പോയ വിവരം അറിഞ്ഞ് ബിനുകുമാർ തെന്മല പൊലീസിൽ പരാതി നൽകി. സംശയം തോന്നിയ സമീപവാസികളായ യുവാക്കളെ സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് മോഷണ വിവരം പുറത്തായത്. ചാലിയക്കര വനത്തിൽ നിന്ന് ബൈക്ക് കണ്ടെടുത്തു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.