pic

കൊല്ലം: ഇറച്ചിക്കോഴിക്ക് അമിതവില ഈടാക്കിയ ഏഴ് വ്യാപാരികൾക്കെതിരെ സിവിൽ സപ്ലൈസ് വകുപ്പ് കേസെടുത്തു. പുനലൂരിലും തടിക്കാട്ടും മൂന്ന് വീതവും കരവാളൂരിൽ ഒരു വ്യാപാരിക്കുമെതിരെയാണ് കേസെടുത്തത്. ഒരു കിലോ ഇറച്ചിക്കോഴിക്ക് 140 രൂപ വിലയുള്ളപ്പോൾ 160 രൂപയ്ക്കാണ് ഇവർ വിൽപ്പന നടത്തിയത്. വിലനിർണയിച്ചുകൊണ്ടുള്ള ജില്ലാ കളക്ടറുടെ ഉത്തരവ് താലൂക്കിലെ വ്യാപാരികൾക്ക് നൽകിയെങ്കിലും ഇത് അവഗണിച്ചായിരുന്നു കച്ചവടമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ ജോൺ തോമസ് അറിയിച്ചു. നിരവധി തവണ താക്കീത് നൽകിയെങ്കിലും അനുസരിക്കാത്തതിനാലാണ് കേസെടുത്തത്. അസി. സപ്ലൈ ഓഫീസർ കെ.ജി. അജയൻ, ആർ.ഐമാരായ റജീന കുമാരി, വിനോദ് കെ. സാബു, വിജയകൃഷ്ണൻ, കവിത എന്നിവരുടെ നേതൃത്വത്തിലുളള രണ്ട് ടീമാണ് പരിശോധന നടത്തിയത്.