uthra-death

കൊല്ലം: സ്ത്രീകൾക്കു നേരെയുള്ള കുറ്റകൃത്യങ്ങളിൽ അതിവേഗ നീതി ഉറപ്പാക്കാൻ നിയമഭേദഗതിക്ക് സർക്കാരിനോട് ശുപാർശ ചെയ്യുമെന്ന് സംസ്ഥാന വനിതാ കമ്മിഷൻ അംഗം ഷാഹിദാ കമൽ. അഞ്ചലിൽ മൂർഖൻ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഉത്രയെന്ന യുവതിയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് സൂരജ് അറസ്റ്റിലായതിനു പിന്നാലെ ഇയാളുടെ അമ്മയ്ക്കും സഹോദരിക്കുമെതിരെ ഗാർഹിക പീഡനത്തിന് കമ്മിഷൻ കേസെടുത്ത പശ്ചാത്തലത്തിൽ ഷാഹിദാ കമാൽ കേരളകൗമുദിയോട് സംസാരിക്കുന്നു:

?​ ഉത്രയുടെ മരണത്തെ എങ്ങനെ കാണുന്നു

 കേട്ടുകേൾവി പോലുമില്ലാത്ത കൊലപാതകമാണ്. സ്ത്രീപക്ഷത്തുനിന്ന് നിയമപരമായി എന്തെല്ലാം ചെയ്യാനാകുമെന്ന് ആലോചിക്കുകയാണ്.

?​ പുതിയ നിയമനിർമ്മാണമാണോ ഉദ്ദേശിക്കുന്നത് ?

 വനിതാ കമ്മിഷൻ നിലവിൽ വന്നത് 25 വ‌‌ർഷം മുമ്പാണ്. അന്നത്തെ സ്ഥിതിയല്ല ഇന്ന്. കുറ്റകൃത്യങ്ങളുടെ രീതികൾ മാറിവരുന്നു. ഡിജിറ്റൽ യുഗത്തിൽ വേഗത്തിൽ നീതി ലഭിക്കാൻ നിയമ ഭേദഗതി വേണം. ഇക്കാര്യം സർക്കാരിനോട് ശുപാർശ ചെയ്യും.

?​ എന്താണ് ഉദ്ദേശിക്കുന്നത്.

 കമ്മിഷന് ഉപദേശാധികാരം മാത്രമാണുള്ളത്. ഇരകൾക്ക് നീതി നേടിക്കൊടുക്കാൻ സ്വതന്ത്രമായ സംവിധാനം കൊണ്ടുവരുന്നതിനെപ്പറ്റി ആലോചിക്കും. ഇത്തരക്കാർക്കുള്ള ശിക്ഷ പരമാവധി വേഗത്തിലാക്കണം.

?​ ഉത്രയുടെ ബന്ധുക്കളെ കണ്ടിരുന്നോ.

 തീർച്ചയായും. ഉത്ര മരിച്ച് ആറുദിവസം കഴിയുന്നതിനു മുമ്പ് സ്വത്തുക്കൾ കുഞ്ഞിന്റെ പേരിലേക്കു മാറ്റാൻ സൂരജ് ആവശ്യപ്പെട്ടു. ഉത്രയുടെ അമ്മ ഇക്കാര്യം വനിതാ കമ്മിഷനോട് വെളിപ്പെടുത്തിയിട്ടുണ്ട്. സൂരജിന്റെ പെരുമാറ്റത്തിൽ തോന്നിയ സംശയമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. കുടുംബത്തിന് നീതി കിട്ടാൻ ഏതറ്റംവരെയും പോകും.

?​ കമ്മിഷന്റെ ഇടപെടൽ എങ്ങനെ.

 പ്രതികൾ ശിക്ഷിക്കപ്പെടുന്നതുവരെ കേസിനു പിന്നാലെ കമ്മിഷൻ ഉണ്ടാവും. കുഞ്ഞിനെ ഉത്രയുടെ കുടുംബത്തിൽ വളർത്താനും കുടുംബത്തിന് സംരക്ഷണവും നിയമപരിരക്ഷയും ഉറപ്പാക്കാനും കമ്മിഷന്റെ അധികാര പരിധിക്കുള്ളിൽ നിന്ന് പരമാവധി കാര്യങ്ങൾ ചെയ്യും. കൊല്ലം, പത്തനംതിട്ട ജില്ലാ പൊലീസ് ചീഫുമാരുമായി ആലോചിച്ച് എല്ലാ സഹായവും ചെയ്യാൻ കമ്മിഷൻ തീരുമാനിച്ചിട്ടുണ്ട്.

?​ മറ്റു കാര്യങ്ങൾ എന്തൊക്കെ.

 ഉത്രയുടെ അനുഭവം ഇനിയൊരു പെൺകുട്ടിക്കും ഉണ്ടാകരുത്. സത്യം കണ്ടെത്തിയിരുന്നില്ലെങ്കിൽ വീട്ടുകാരും നാട്ടുകാരും ഇതൊരു സർപ്പദോഷമായി കരുതിയേനെ. കേസിൽ രണ്ടോ മൂന്നോ മാസത്തിനകം ശിക്ഷ വിധിക്കപ്പെടണം.

അന്വേഷണം ശരിയായ ദിശയിൽ,
മൃതദേഹം സംസ്കരിച്ചതിൽ വീഴ്ച
# ഉത്രയുടെ വീട് മന്ത്രിയും വനിതാകമ്മിഷനും സന്ദർശിച്ചു

അഞ്ചൽ: ഉത്രയുടെ മരണത്തെക്കുറിച്ച് നടക്കുന്ന അന്വേഷണം ശരിയായ ദിശയിലാണെന്ന് മന്ത്രി കെ.രാജുവും വനിതാ കമ്മിഷൻ അദ്ധ്യക്ഷ എം.സി. ജോസഫൈനും പറഞ്ഞു. കഴിഞ്ഞ ദിവസം ഉത്രയുടെ വീട് ഇവർ സന്ദർശിച്ചിരുന്നു. റൂറൽ എസ്.പി. ഹരിശങ്കറിന്റെ മേൽനോട്ടത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ഉത്രയുടെ കുടുംബം നടത്തുന്ന എല്ലാ പോരാട്ടങ്ങൾക്കും സർക്കാരിന്റെ പിന്തുണയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ആദ്യഘട്ടത്തിലെ അന്വേഷണത്തിൽ അഞ്ചൽ പൊലീസിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കുമെന്ന് ജോസഫൈൻ പറഞ്ഞു. മരണം സംഭവിച്ചത് രണ്ടാം തവണ പാമ്പ് കടിച്ചപ്പോഴാണ്. മൃതദേഹം ദഹിപ്പിച്ചത് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ്. ഇക്കാര്യം പരിശോധിക്കണമെന്ന് റൂറൽ എസ്.പിയോട് ആവശ്യപ്പെടുമെന്നും അവർ പറഞ്ഞു. ആവശ്യമെങ്കിൽ അഞ്ചൽ സി.ഐയെ വിളിച്ചുവരുത്തി കാര്യങ്ങൾ അന്വേഷിക്കും.

പി. ഐഷാപോറ്റി എം.എൽ.എ, വനിതാകമ്മിഷനംഗം എം.എസ്. താര തുടങ്ങിയവരും ഉത്രയുടെ വീട് സന്ദർശിച്ചു.

സംഭവത്തിന്റെ തലേന്ന് സൂരജ് വന്ന കാർ ഉത്രയുടെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തു.