ഇന്ത്യൻ മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ എം.എസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചേക്കുമെന്ന അഭ്യൂഹം ഉയരാൻ തുടങ്ങിയിട്ട് നാളുകളേറെയായി. 2019ലെ ഏകദിന ലോകകപ്പ് സെമി ഫൈനലിൽ ന്യൂസിലൻഡിനോട് തോറ്റ ശേഷം ധോണി ഇന്ത്യയ്ക്കായി കളിച്ചിട്ടില്ല.
സൈനിക സേവനത്തിനും മറ്റുമായി ടീമിൽനിന്നും മാറിനിന്ന ധോണി ഐ.പി.എല്ലിലൂടെ തിരിച്ചുവരാനാകുമെന്ന പ്രതീക്ഷയിലാണ്. എന്നാൽ സോഷ്യൽ മീഡിയയിലും മറ്റും ധോണി വിരമിക്കുകയാണെന്ന വാർത്ത പ്രചരിച്ചിരുന്നു.അങ്ങനെ പരത്തിയവർക്കെതിരെ സാക്ഷി ധോണി രംഗത്തുവന്നിരിക്കുകയാണ് ഇപ്പോൾ. ലോക്ക്ഡൗൺ ആളുകളുടെ മാനസിക നില തെറ്റിച്ചു എന്നാണ് താൻ മനസിലാക്കുന്നതെന്നാണ് സാക്ഷി ധോണി ട്വീറ്റ് ചെയ്തത്.
അത് വെറും അഭ്യൂഹം മാത്രമാണെന്നും സാക്ഷി ട്വിറ്ററിൽ കുറിച്ചു. ധോണി വിരമിച്ചു എന്ന ഹാഷ് ടാഗ് ട്വിറ്ററിൽ ട്രെൻഡിംഗായിരുന്നു. ഇതോടെയാണ് ധോണിയുടെ ഭാര്യ പ്രതികരണവുമായി എത്തിയത്. രൂക്ഷമായ പ്രതികരണം നടത്തിയ ട്വീറ്റ് പുറത്തുവന്നതിന് മിനിറ്റുകൾക്കുശേഷം സാക്ഷി അത് ഡിലീറ്റ് ചെയ്യുകയും ചെയ്തു. സാക്ഷിയുടെ പ്രതികരണം ട്വിറ്ററിൽ ആരാധകർക്കിടയിൽ അഭിപ്രായവ്യത്യാസത്തിനും ഇടയാക്കിയിട്ടുണ്ട്.ഐപിഎൽ 13 സീസൺ നീണ്ടുപോകുന്നതാണ് ധോണിയെക്കുറിച്ച് വീണ്ടും അഭ്യൂഹങ്ങൾ പരക്കാൻ കാരണം.