uthra
UTHRA

കൊല്ലം: ഉത്രയെ കൊലപ്പെടുത്താൻ ഭർത്താവ് സൂരജിന് മറ്റാരുടെയെങ്കിലും ഒത്താശ ലഭിച്ചിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നു. സൂരജിന്റെയും കുടുംബത്തിന്റെയും പീഡനം കാരണം ജനുവരിയിൽ വിവാഹമോചനത്തെ കുറിച്ച് ഉത്രയുടെ കുടുംബം ആലോചിച്ചിരുന്നു. തെറ്റുകൾ ആവർത്തിക്കില്ലെന്ന് പറഞ്ഞ് ക്ഷമചോദിച്ച് സൂരജ് അന്ന് അതിനു തടയിട്ടു. പിന്നാലെ കൊല്ലാനുള്ള പദ്ധതികൾ ആലോചിച്ചുതുടങ്ങിയെന്നാണ് പൊലീസ് പറയുന്നത്. ഇതിന് ആ‌രെങ്കിലും പ്രേരിപ്പിച്ചോ,ഗൂഢാലോചന നടത്തിയോ തുടങ്ങിയ കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്. സൂരജിന്റെ വീട്ടിൽവച്ചു രണ്ടു തവണ പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമം നടന്ന പശ്ചാത്തലത്തിലാണിത്.

വിവാഹമോചനം നേടിയാൽ സ്വത്തും പണവും വീട്ടുകാർ നൽകിയ സർവ സാധനങ്ങളും തിരിച്ചുകൊടുക്കേണ്ടിവരുമെന്ന് ബോധ്യമായതോടെയാണ് കൊലപ്പെടുത്തി അതെല്ലാം സ്വന്തമാക്കാൻ തീരുമാനിച്ചതെന്ന് സൂരജ് പൊലീസിനോട് സമ്മതിച്ചിരുന്നു.

98 പവൻ, കാർ എന്നിവയ്ക്ക് പുറമെ പലപ്പോഴായി 20 ലക്ഷത്തിലേറെ രൂപയും നൽകിയിട്ടുണ്ടെന്നാണ് ഉത്രയുടെ കുടുംബം പറയുന്നത്. വിവാഹത്തിന് മുമ്പ് മൂന്ന് ലക്ഷത്തോളം രൂപ നൽകിയിരുന്നു. വിവാഹശേഷം എല്ലാ മാസവും പതിനായിരത്തോളം രൂപ പല കാരണങ്ങൾ പറഞ്ഞ് വാങ്ങിയിരുന്നു. വാഷിംഗ് മെഷീൻ ഉൾപ്പെടെ ഗൃഹോപകരണങ്ങളും വാങ്ങി നൽകിയിരുന്നു.

ഉത്രയെ ആക്ഷേപിച്ചും കുടുംബത്തെ അപമാനിച്ചും സൂരജിന്റെ അമ്മയും സഹോദരിയും നടത്തുന്ന പരസ്യ പ്രതികരണങ്ങൾ പൊലീസ് നിരീക്ഷിക്കുന്നുണ്ട്.