കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ഗുരുതര വീഴ്ച. ഉംപുൻ ചുഴലിക്കാറ്റിനെത്തുടർന്ന് പശ്ചിമ ബംഗാളിൽ ദേശീയ ദുരന്തനിവാരണ സംഘം രാക്ഷാപ്രവർത്തനം നടത്തുന്ന ചിത്രങ്ങൾക്കൊപ്പം മദ്യക്കുപ്പിയുടെ ചിത്രവും പേജിൽ പ്രത്യക്ഷപ്പെട്ടത് വലിയ വിവാദത്തിന് ഇടയാക്കി. അതോടെ മദ്യത്തിന്റെ ചിത്രം ഡിലീറ്റ് ചെയ്തു. എന്നാൽ ഈ പോസ്റ്റിനു താഴെ സംഭവത്തെ വിമർശിച്ച് നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള സന്ദർഭങ്ങളിൽ മദ്യം കഴിക്കാതിരിക്കുകയെങ്ങനെയാണെന്നുള്ള ചോദ്യങ്ങളാണ് പലരും ചോദിക്കുന്നത്.
ചിത്രം തെറ്റായി പോസ്റ്റ് ചെയ്തവർക്കെതിരെ കർശന നടപടി വേണമെന്നാണ് പലരും ആവശ്യപ്പെടുന്നത്. എന്നാൽ, പേജ് കൈകാര്യം ചെയ്യുന്ന ജീവനക്കാരന് പറ്റിയ പിഴവാണ് സംഭവത്തിന് പിന്നിലെന്ന് ആഭ്യന്തര മന്ത്രാലയം പ്രതികരിച്ചു.
ഇന്ന് രാവിലെ 9.32 നാണ് ചിത്രം പേജിൽ നിന്ന് നീക്കം ചെയ്തത്. 15 മിനിറ്റോളമാണ് ചിത്രം പേജിലുണ്ടായിരുന്നത്. സംഭവത്തിന് ഉത്തരവാദിയായ ജീവനക്കാരൻ രേഖാമൂലം മാപ്പ് അപേക്ഷിച്ചതായും റിപ്പോർട്ടുകളുണ്ട്. 2.79 ലക്ഷം ആളുകൾ ഫോളോ ചെയ്യുന്ന പേജാണ് ആഭ്യന്തര മന്ത്രാലയത്തിന്റേത്. ബംഗാളിലെ ഹൗറ ജില്ലയിലെ പച്‌ല ബ്ലോക്കിൽ കടപുഴകി വീണ മരങ്ങളും മറ്റും എൻഡിആർഫ് നീക്കം ചെയ്യുന്ന ചിത്രങ്ങളായിരുന്നു ഇതിനൊപ്പം ഉണ്ടായിരുന്നത്.