train
നോൺ സ്റ്റോപ്പിൽ ഭായിമാർ‌ക്ക് മടക്കം

 പശ്ചിമ ബംഗാളിലേക്ക് അടുത്തയാഴ്ച രണ്ട് ട്രെയിൻ

കൊല്ലം: കൊല്ലത്തുള്ള ബീഹാർ സ്വദേശികളായ അന്യസംസ്ഥാന തൊഴിലാളികളിൽ 678 പേർ ഇന്ന് നാട്ടിലേക്ക് മടങ്ങും. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിറുത്തിയാകും ബീഹാർ സ്വദേശികളെ കയറ്റുക.

ട്രെയിൻ എത്തുന്ന സമയത്തെ സംബന്ധിച്ച് കൃത്യമായി അറിയിപ്പ് ലഭിച്ചിട്ടില്ല. പോകാൻ രജിസ്റ്റർ ചെയ്തവരുടെ വൈദ്യ പരിശോധന പൂർത്തിയായി. ടിക്കറ്റും മുൻകൂട്ടി എടുത്തിട്ടുണ്ട്. ഇന്ന് ട്രെയിൻ എത്തുന്നതിന് ഒരു മണിക്കൂർ മുൻപ് ബീഹാറികളെ താമസസ്ഥലത്ത് നിന്ന് കെ.എസ്.ആർ.ടി.സി ബസിൽ റെയിൽവേ സ്റ്റേഷനിൽ എത്തിക്കും.

അടുത്ത മാസം 1നും 3നും രണ്ട് നോൺ സ്റ്റോപ്പ് ട്രെയിനുകൾ കൊല്ലത്ത് നിന്ന് പശ്ചിമബംഗാളിലേക്ക് പുറപ്പെടും. കഴിഞ്ഞ വെള്ളിയാഴ്ച പശ്ചിമബംഗാളിലേക്ക് ഒരു ട്രെയിൻ പോയിരുന്നു. ഇനി ഒരു ട്രെയിൻ സർവീസ് കൂടി അനുവദിച്ചാലെ സ്വദേശത്തേക്ക് മടങ്ങാൻ താല്പര്യം അറിയിച്ചിട്ടുള്ള പശ്ചിമബംഗാളുകാരെ പൂ‌ർണമായും നാട്ടിലെത്തിക്കാനാകൂ. നോൺ സ്റ്റോപ്പ് ട്രെയിനുകളിൽ സാമൂഹിക അകലം പാലിച്ച് ഏകദേശം 1,400 പേരെയാകും കൊണ്ടുപോകുക.

ഏകദേശം 19,000 അന്യസംസ്ഥാന തൊഴിലാളികൾ ജില്ലയിലെ വിവിധ തൊഴിലാളി ക്യാമ്പുകളിൽ കഴിയുന്നുണ്ടെന്നാണ് തൊഴിൽ വകുപ്പിന്റെ കണക്ക്. ഇവരിൽ ഏകദേശം 9,000 പേരാണ് നാട്ടിലേക്ക് മടങ്ങാൻ അദ്യഘട്ടത്തിൽ രജിസ്റ്റർ ചെയ്തിരുന്നത്. ഇപ്പോൾ പോകാൻ താല്പര്യം പ്രകടിപ്പിക്കുന്നവരുടെ എണ്ണം ഉയർന്ന് പതിനായിരത്തിന് മുകളിലായിട്ടുണ്ട്.


അന്യസംസ്ഥാന തൊഴിലാളികൾ

ജില്ലയിൽ ക്യാമ്പുകളിലുള്ളവർ: 19,000

മടങ്ങാൻ തയ്യാറായവർ: 9,000

മടങ്ങുന്നത്: 678

ട്രെയിനിൽ ഉൾക്കൊള്ളുന്നത്: 1,400