അഞ്ചൽ: അമ്മയുറങ്ങുന്ന കുടുംബവീട്ടിൽ ഉറ്റവരുടെ പരിലാളനയിൽ പരിഭവമില്ലാതെ കഴിയുകയാണ് ഒരുവയസുകാരനായ ധ്രുവ്. അച്ഛൻ തന്റെ അമ്മയെ വിഷപാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയെന്ന കാര്യമൊന്നും കുഞ്ഞ് ധ്രുവിന് അറിയില്ല.
പാമ്പുകടിയേറ്റ് മരിച്ച അഞ്ചൽ ഏറം വിഷുവിൽ ഉത്രയുടെയും സൂരജിന്റെയും ഏകമകനാണ് ധ്രുവ്. അമ്മയെ കൊലപ്പെടുത്തിയ കേസിൽ അച്ഛൻ അറസ്റ്റിലായതോടെ വനിതാ കമ്മിഷന്റെ ഇടപെടലിനെ തുടർന്നാണ് അടൂരിൽ സൂരജിന്റെ വീട്ടിലായിരുന്ന ധ്രുവിനെ ചൊവ്വാഴ്ച പൊലീസ് ഇടപെട്ട് അഞ്ചലിൽ എത്തിച്ചത്. ഇടയ്ക്ക് അവന്റെ കണ്ണുകൾ അമ്മയെയും അച്ഛനെയും പരതുമെങ്കിലും മുത്തച്ഛൻ വിജയസേനന്റെയും മുത്തശ്ശി മണിമേഖലയുടെയും മറ്റ് ബന്ധുക്കളുടെയും ലാളനയിൽ അവൻ കളിചിരിയും കുസൃതികളിലും മുഴുകും.
മകളുടെ വേർപാടിൽ മനംനൊന്ത് കഴിയുന്ന വിജയസേനന്റെ കുടുംബത്തിന് ധ്രുവിന്റെ സാന്നിദ്ധ്യം കുറച്ചൊന്നുമല്ല ആശ്വാസം. മുത്തച്ഛനും മുത്തശ്ശിയും കൂടുതൽ സമയം ചെലവഴിക്കുന്നതും ചെറുമകനൊപ്പമാണ്. അമ്മയില്ലാത്തതിന്റെ ദുഃഖം അവന് തെല്ലും അനുഭവപ്പെടരുതെന്ന നിർബന്ധവും അവർക്കുണ്ട്. മേയ് 31ന് സർവീസിൽ നിന്ന് വിരമിക്കുന്ന മുത്തശ്ശി മണിമേഖലയ്ക്ക് ഇനി കൊച്ചുമകനെ ലാളിക്കാൻ കൂടുതൽ സമയം ലഭിക്കുമല്ലോയെന്ന ആശ്വാസത്തിലാണ്. ധ്രുവിനോടൊപ്പം എത്ര സമയം ചെലവഴിച്ചാലും തൃപ്തി വരുന്നില്ല ഉത്രയുടെ സഹോദരൻ വിഷുവിന്. കേസിന്റെ കാര്യത്തിനായി പലപ്പോഴും പുറത്ത് പോകേണ്ടി വരുന്നതിനാൽ എപ്പോഴും അവനെ കാണാൻ കഴിയുന്നില്ലല്ലോ എന്ന പരിഭവവും വിഷുവിനുണ്ട്. പുറത്ത് പോയാലും കുഞ്ഞിന്റെ കാര്യം ഇടയ്ക്കിടയ്ക്ക് അമ്മയെ വിളിച്ച് അന്വേഷിക്കുന്നുണ്ട്.