കൊട്ടാരക്കര താലൂക്ക് സപ്ലൈ ഓഫീസിൽ അപേക്ഷകൾക്ക് പുതിയ ക്രമീകരണം
കൊല്ലം: ലോക്ക് ഡൗൺ നിയന്ത്രണം നിലനിൽക്കുന്നതിനാൽ കൊട്ടാരക്കര താലൂക്ക് സപ്ലൈ ഓഫീസിൽ റേഷൻ കാർഡ് സംബന്ധമായ അപേക്ഷകൾക്ക് പുതിയ ക്രമീകരണം ഏർപ്പെടുത്തി. സാമൂഹിക അകലം ഉറപ്പ് വരുത്തേണ്ട കൊവിഡ് കാലത്ത് ജനങ്ങൾ അപേക്ഷയുമായി ഓഫീസിൽ എത്തുമ്പോഴുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാണ് ബദൽ സംവിധാനം ഒരുക്കിയത്.
1. നിലവിൽ ഒരു റേഷൻ കാർഡിലും പേരില്ലാത്തവർക്ക് ആധാർ കാർഡ് മാനദണ്ഡമാക്കി പുതിയ റേഷൻ കാർഡിന് അപേക്ഷിച്ചാൽ അന്ന് തന്നെ കാർഡ് നൽകും.
2. നിലവിലുള്ള റേഷൻ കാർഡിൽ നിന്ന് പേര് കുറവ് ചെയ്ത് പുതിയ റേഷൻ കാർഡ് എടുക്കാനുള്ള അപേക്ഷകൾ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതനുസരിച്ച് നൽകിയാൽ മതി.
3. നിലവിലുള്ള റേഷൻ കാർഡിൽ പേര് ചേർക്കുന്നത് അടക്കമുള്ള വിവിധ ആവശ്യങ്ങൾക്ക് ഓഫീസിൽ എത്താതെ ഓൺലൈനായി അപേക്ഷ നൽകാം
4. മറ്റൊരു താലൂക്കിലേക്ക് കുറവ് ചെയ്‌ത് കൊണ്ട് പോകേണ്ട അപേക്ഷകൾ അന്ന് തന്നെ തീർപ്പാക്കി ബന്ധപ്പെട്ട താലൂക്കിലേക്ക് അയക്കും. മറ്റ് അപേക്ഷകൾ പ്രകാരം റേഷൻ കാർഡിൽ വരുത്തിയ മാറ്റങ്ങൾ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്ന മുറയ്ക്ക് ഓഫീസിൽ എത്തിയാൽ രേഖപ്പെടുത്തലുകൾ വരുത്തി നൽകും.
5. നിലവിൽ ആധാർ കാർഡ് വച്ചുള്ള റേഷൻ കാർഡ് അപേക്ഷകർ ഒഴികെ ആരും തന്നെ ഓഫീസിലേക്ക് നേരിട്ട് വരേണ്ടതില്ല.
6. മുൻഗണനാ വിഭാഗത്തിലേക്ക് കാർഡ് മാറാനുള്ള അപേക്ഷകൾ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പൂർണമായി പിൻവലിക്കുമ്പോൾ ബുധനാഴ്ചകളിൽ നേരിട്ടെത്തി റേഷൻ കാർഡിന്റെ പകർപ്പും അനുബന്ധ രേഖകളും സഹിതം സമർപ്പിക്കാം.
ലോക്ക് ഡൗൺ കാലത്ത് അപേക്ഷയുമായി ഒരാളും ഓഫീസിൽ നേരിട്ട് വരാതിരിക്കാനാണ് ബദൽ ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്.
എസ്.എ സെയ്ഫ്, താലൂക്ക് സപ്ലൈ ഓഫീസർ, കൊട്ടാരക്കര