uthra-death

കൊല്ലം: ഉത്രയെ പാമ്പിനെക്കൊണ്ട് കൊത്തിക്കുന്നതിന് മുൻപ് രണ്ടുതവണയും ഉറങ്ങാൻ ഗുളിക പൊടിച്ച് നൽകിയതായി സൂരജ് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. ആദ്യം കൊടുത്തത് ഡോളോ ഗുളികയായിരുന്നു. ആ ദൗത്യം പരാജയപ്പെട്ടതുകൊണ്ടാണ് രണ്ടാംവട്ടം മറ്റൊരു ഇനംകൂടി പൊടിച്ചുചേർത്ത് നൽകിയത്.

സ്വന്തം വീട്ടിൽവച്ച് അണലിയെക്കൊണ്ട് കടിപ്പിക്കുന്നതിന് മുമ്പാണ് ഡോളോ പൊടിച്ച് നൽകിയത്. അന്ന് പായസം വയ്ക്കാൻ സൂരജ് പറഞ്ഞിരുന്നു. അതിൽ കലക്കിയാണ് കൊടുത്തത്. ഇത് കഴിച്ച് ഉറങ്ങിയപ്പോഴാണ് അണലിയെക്കൊണ്ട് കടിപ്പിച്ചത്. ഉത്ര ഉണർന്ന് വെപ്രാളം കാട്ടിയതോടെ ആശുപത്രിയിൽ എത്തിക്കേണ്ടിവന്നു.

മൂർഖൻ പാമ്പിനെ ഉപയോഗിച്ച് കൊത്തിക്കാൻ പദ്ധതിയിട്ടപ്പോഴും ഡോളോ പൊടിച്ച് പൊതിയാക്കി സൂക്ഷിച്ചു. അടൂരിലെ അതേ മെഡിക്കൽ സ്റ്റോറിൽ നിന്ന് ഉറങ്ങാനുള്ള മറ്റൊരു ഗുളികയും വാങ്ങി. ഇതും പൊടിയാക്കിയാണ് ഉത്രയുടെ വീട്ടിലെത്തിയത്. രണ്ടുതരം ഗുളികകളുടെ വീര്യത്തിൽ ഉത്ര ബോധംകെട്ടുറങ്ങുമ്പോഴാണ് മൂർഖൻ പാമ്പിനെകൊണ്ടു കടിപ്പിച്ചത്.

നിർബന്ധിച്ച് കഴിപ്പിച്ച ജ്യൂസ്

സൂരജ് മാർച്ച് ആറിന് വൈകിട്ട് ആറരയോടെയാണ് ഉത്രയുടെ വീട്ടിലെത്തിയത്. ഉത്രയ്ക്കായി അമ്മയും സഹോദരനും ചേർന്ന് ജ്യൂസ് തയ്യാറാക്കിയിരുന്നു. ഉത്രയ്ക്ക് ഒരു ഗ്ളാസ് നൽകിയശേഷം സൂരജിന്റെ പങ്ക് കിടപ്പ് മുറിയിൽ വച്ചു. തന്റെ പങ്ക് ജ്യൂസ് കുടിക്കാൻ ഉത്രയെ നിർബന്ധിക്കുന്നത് രക്ഷിതാക്കൾ കേട്ടിരുന്നു. സ്നേഹക്കൂടുതൽ കൊണ്ടാണെന്ന് വീട്ടുകാർ കരുതി.


രണ്ടാമത്തെ ഗുളിക ?

അടൂരിലെ മെഡിക്കൽ സ്റ്റോറിൽ നിന്ന് ആദ്യം വാങ്ങിയതും ഉത്രയ്ക്ക് കൊടുത്തതും ഡോളോയാണ്. രണ്ടാമത്തേത് തുമ്മലിനും ഉറക്കമില്ലായ്മയ്ക്കുമെന്ന് പറഞ്ഞാണ് വാങ്ങിയത്. ഇതിന്റെ പേരുകൾ സൂരജ് മാറ്റിമാറ്റി പറയുന്നതിനാൽ രാസപരിശോധനാ ഫലം ലഭിച്ചാലേ ഏതെന്ന് വ്യക്തമാവൂ.