ക്യൂ നീണ്ടിട്ടും സാമൂഹിക അകലം മറന്നില്ല
കൊല്ലം: നേരം പുലർന്നപ്പോഴേ ചിലർ ക്യൂആർ കോഡുള്ള ടോക്കണുമായി ബാറുകളുടെയും ബീവറേജസ് ഔട്ട് ലെറ്റുകളുടെയും അടുത്ത് എത്തിത്തുടങ്ങി. ചിലരുടെ മുഖം കണ്ടാലറിയാം ഇന്നലെ രാത്രി ഉറങ്ങിയ ലക്ഷണമില്ല. സ്റ്റോക്ക് പരിശോധിക്കാൻ ബാറുകൾക്ക് മുന്നിൽ എക്സൈസ് ഉദ്യോഗസ്ഥർ എത്തിയപ്പോൾ ചിലർ മുഖം ചെറുതായൊന്ന് മറച്ചു. എട്ടോടെ തന്നെ പരിസരത്ത് പാത്തും പതുങ്ങിയും നിന്നവർ ബാറുകൾക്കും ബിവറേജസുകൾക്കും മുന്നിൽ സാമൂഹിക അകലത്തിൽ ക്യൂ പാലിച്ച് തുടങ്ങി. 9 കഴിഞ്ഞിട്ടും ക്യൂ അനങ്ങുന്നില്ല. ഇപ്പോൾ ശരിയാകുമെന്ന് കരുതി കാത്തു. മണിക്കൂർ ഒന്ന് കഴിഞ്ഞിട്ടും ഒരു രക്ഷയുമില്ല. ഇതിനിടയിൽ പൊലീസുകാരുടെ വക വിരട്ടൽ. ആപ്പ് വഴി ഉപഭോക്താക്കൾക്ക് കിട്ടിയ ക്യൂ ആർ കോഡ് വില്പനക്കാർക്ക് സ്കാൻ ചെയ്യാൻ കഴിയാത്തതായിരുന്നു പ്രശ്നം. പക്ഷെ ആരും തളർന്നില്ല. അപ്പോൾ ക്യൂവിന്റ നീളം പലയിടത്തും പാമ്പിനെ പോലെ നീണ്ടിരുന്നു. പത്തരയോടെ ക്യൂ ആർ കോഡിന്റെ ഫോട്ടെയെടുത്ത് വിവരങ്ങൾ എഴുതി ശേഖരിച്ചും മദ്യം വിതരണം ചെയ്തു തുടങ്ങി. സാധനം കൈയിൽ കിട്ടിയപ്പോൾ പലർക്കും നിധി കിട്ടിയ സന്തോഷം.
പണ്ടെത്തെപ്പോലെയല്ല, മനസിൽ ആഗ്രഹിച്ച സാധനം തന്നെ കിട്ടി. നേരത്തെയൊക്കെ ഇഷ്ട ബ്രാൻഡ് പലപ്പോഴും കിട്ടാറില്ല. ബീവറേജസ് ഔട്ട്ലെറ്റുകളിൽ ഉണ്ടെങ്കിലും തരില്ല. ആ പണിയൊക്കെ അവസാനിച്ചു. പിന്നിൽ ക്യൂവിൽ നിൽക്കുന്നവരോടെ മദ്യം മടിയിൽ തിരുകിയെത്തിയവർ പറഞ്ഞു ' ആപ്പ് സൂപ്പർ '. വൈകിട്ട് അഞ്ചിന് വിൽപ്പന നിറുത്തിയെങ്കിലും ക്യൂവിൽ ഉണ്ടായിരുന്നവരെ നിരാശരാക്കാതെ അഞ്ചര വരെ മദ്യം നൽകി. ജില്ലയിലെങ്ങും ക്രമസമാധാന പ്രശ്നവും ഉണ്ടായില്ല.
ബാറുകൾ നേരത്തെ തന്നെ ബിവറേജസ് കോർപ്പറേഷനിൽ മദ്യത്തിന് ഓർഡർ നൽകിയതിനാൽ എങ്ങും സ്റ്റോക്കിന്റെ പ്രശ്നമുണ്ടായില്ല. അതിരാവിലെ തന്നെ എക്സൈസ് ഉദ്യോഗസ്ഥരെത്തി ബാറുകളിലെ സ്റ്റോക്ക് പരിശോധിച്ച് സ്റ്റോറുകൾ തുറന്നു നൽകുകയും ചെയ്തു.
ബിവറേജസിൽ കച്ചവടം ഇടിഞ്ഞു
ജില്ലയിലെ ബിവറജേസ് ഔട്ട്ലെറ്റുകളിൽ ഇന്നലെ ശരാശരി എട്ട് ലക്ഷം രൂപയുടെ കച്ചവടമാണ് നടന്നത്. സാധാരണ 18 മുതൽ 20 ലക്ഷം രൂപയുടെ വരെ കച്ചവടം നടക്കുന്നതാണ്. അവധി ദിവസത്തിന്റെ തലേന്നും അവധിക്ക് ശേഷമുള്ള ദിവസവും കച്ചവടം ഇരട്ടിയാകാറുണ്ട്. ഓരോ ബിവറേജസ് ഔട്ട്ലെറ്റിലേക്കും ഇന്നലെ ഏകദേശം 400 ടോക്കൺ മാത്രമാണ് നൽകിയത്.
ഇന്നലെ ശരാശരി വിൽപ്പന: 8 ലക്ഷം
നേരത്തെ: 18 - 20 ലക്ഷം
(അവധി ദിവസത്തിന് തലേന്നും പിറ്റേന്നും കച്ചവടം കൂടും)
ബിവറേസ് & കൺസ്യൂമർ ഫെഡ്: 27
ബിയർ & വൈൻ പാർലർ: 45
ബാറുകൾ: 81
ടോക്കൺ വിൽപ്പന: 400
(ഒരോ ഷോപ്പിലും)