kottiyam-youth-congress
യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിക്കുന്നു

കൊട്ടിയം: അന്യസംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നുമെത്തുന്ന നെടുമ്പന പഞ്ചായത്ത് നിവാസികൾക്ക് നെടുമ്പന പഞ്ചായത്തിൽ ക്വാറന്റൈൻ സംവിധാനം ഒരുക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നെടുമ്പന പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. വിവരമറിഞ്ഞെത്തിയ കണ്ണനല്ലൂർ പൊലീസ് ഉപരോധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. നെടുമ്പന പഞ്ചായത്തിലുള്ള ചിലർ കൊല്ലത്തും കണ്ണൂരിലുമായി ക്വാറന്റൈനിൽ കഴിയുന്നുണ്ടെന്നും അവരെ നെടുമ്പന പഞ്ചായത്ത് പ്രദേശത്ത് ക്വാറന്റൈനിലാക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാൽ ഇക്കാര്യത്തിൽ പഞ്ചായത്തിന് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് സെക്രട്ടറി പ്രതിഷേധക്കാരെ അറിയിച്ചു. അസീസിയാ മെഡിക്കൽ കോളേജ് ഹോസ്റ്റലിലാണ് നെടുമ്പന പഞ്ചായത്ത് ക്വാറന്റൈൻ സംവിധാനം ഒരുക്കിയിട്ടുള്ളത്. ഇവിടെ നിലവിൽ പതിനഞ്ചു പേർ ക്വാറന്റൈനിലുണ്ടെന്നും ജില്ലാ ഭരണകൂടമാണ് ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് ആളെ അയക്കുന്നതെന്നും സെക്രട്ടറി പറഞ്ഞു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കുളപ്പാടം സജീവ്, ആസാദ് നാൽപ്പങ്ങൽ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജന. സെക്രട്ടറി ഫൈസൽ കുളപ്പാടം, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സമദ്, ഷെഹീർ മുട്ടയ്ക്കാവ് എന്നിവർ ഉപരോധത്തിന് നേതൃത്വം നൽകി.