akshay

കൊവിഡ് വ്യാപനത്തെതുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വരുമാനം നിലച്ച്‌ പ്രതിസന്ധിയിലായ സിനിമാ-സീരിയല്‍ പ്രവര്‍ത്തകര്‍ക്ക് ധനസഹായവുമായി നടന്‍ അക്ഷയ്കുമാര്‍. സിനിമാ-സീരിയല്‍ കലാകാരന്‍മാരുടെ അസോസിയേഷന് നടന്‍ 45 ലക്ഷം രൂപ കൈമാറി. ഷൂട്ടിംഗ് പരക്കെ നിര്‍ത്തിവെച്ചിരിക്കുന്നതിനാല്‍ തൊഴിലും മാസവരുമാനവും നിലച്ച് സീരിയല്‍ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് നടന്‍ അയൂബ് ഖാന്‍ ജാവേദ് ജാഫേരിയെയും സാജിദ് നടിയാട്‌വാലിയെയും വിളിച്ച് അറിയിച്ചിരുന്നു.

സീരിയല്‍ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് അറിയിച്ചപ്പോള്‍ ഉടനടി സഹായിക്കാന്‍ തയ്യാറാവുകയായിരുന്നു അക്ഷയ് കുമാർ. 1500 സിനിമാ, ടിവി പ്രവര്‍ത്തകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 3000 രൂപ വീതം നടന്‍ അയച്ചിട്ടുണ്ട്. 45 ലക്ഷം രൂപയ്ക്കു പുറമേ സഹായം ചോദിക്കാന്‍ മടിക്കരുതെന്നാണ് അക്ഷയ് സംഘടനയെ അറിയിച്ചിരിക്കുന്നത്.സംഘടനയ്ക്കു കീഴെ പതിനായിരത്തോളം അംഗങ്ങളുണ്ട്. കൊവിഡ് കാലത്ത് രാജ്യത്തിന് ഏറ്റവുമധികം സാമ്പത്തികസഹായം ചെയ്ത വ്യക്തികളിൽ മുന്നിലുള്ള ആളാണ് അക്ഷയ് കുമാർ.ബോളിവുഡിൽ നിലവിൽ ഏറ്റവുമധികം സിനിമകൾ ചെയ്യുന്ന, മികച്ച പ്രതിഫലം പറ്റുന്ന താരമാണ് അക്ഷയ് കുമാർ.