കൊല്ലം: ഉത്ര കൊലക്കേസിൽ പൊലീസിന്റേത് സമാനതകളില്ലാത്ത തെളിവെടുപ്പ്. ഉത്രയെ കൊത്തിയത് മൂർഖൻ പാമ്പാണെന്ന് വ്യക്തമാണെങ്കിലും സംസ്ഥാനത്തുള്ള എല്ലാ ഇനം പാമ്പുകളുടെയും വിഷവുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടുകയാണ് അന്വേഷണ സംഘം. ഇതിനായി പ്രത്യേക ടീമിനെ നിയോഗിച്ചിട്ടുണ്ട്. ഓരോ ഇനത്തിലുള്ള പാമ്പിന്റെയും ജീവിത രീതിയും കടിയ്ക്കാനുള്ള സാദ്ധ്യതകളും വിഷത്തിന്റെ വീര്യവും മരണത്തിന് കാരണമാകുമോയെന്നതും ഉൾപ്പടെ വിശദമായ റിപ്പോർട്ട് തയ്യാറാക്കി കുറ്റപത്രത്തിനൊപ്പം കോടതിയിൽ സമർപ്പിക്കും.
ഭാവിയിലും ഇത്തരം കേസുകളുണ്ടായാൽ ഉപയോഗിക്കാൻ കഴിയുംവിധത്തിലാണ് വിശദമായ റിപ്പോർട്ട് തയ്യാറാക്കുന്നതെന്ന് കാെല്ലം റൂറൽ എസ്.പി ഹരിശങ്കർ പറഞ്ഞു. കടൽപാമ്പുകൾക്ക് പുറമെ പത്ത് ഇനം വിഷപ്പാമ്പുകളാണ് സംസ്ഥാനത്തുള്ളത്. ഇന്ത്യയിൽ ഇത് മുപ്പത് ഇനമുണ്ട്. ഉഗ്ര വിഷമുള്ള രാജവെമ്പാല മുതൽ വിഷമില്ലാത്ത പാമ്പുകൾ വരെ റിപ്പോർട്ടിൽ ഉൾപ്പെടും. സാധാരണയായി അണലിയും മൂർഖനുമാണ് മനുഷ്യരെ കൊത്താറുള്ളത്. ശംഖുവരയനും അത്രത്തോളമില്ലെങ്കിലും കൊത്താറുണ്ടെന്നാണ് റിപ്പോർട്ടുകൾ. കൊലപാതകക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് മൂർഖൻ പാമ്പിന്റെ പോസ്റ്റുമോർട്ടം നടത്തിയതും കേരളചരിത്രത്തിൽ ആദ്യത്തെ സംഭവമാണ്. അതിവിദഗ്ധരായ മൂന്ന് വെറ്ററിനറി സർജ്ജൻമാരുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റുമോർട്ടം. പോസ്റ്റുമോർട്ടം റിപ്പോർട്ടിനൊപ്പം കടിച്ച പാമ്പിന്റെ വിഷത്തിന്റെ വീര്യവും പല്ലിന്റെ വിശദാംശങ്ങളുമടക്കമുണ്ടാകും.