pic

കൊല്ലം: റൂറൽ പൊലീസിന് ജില്ലാ ഹെഡ് ക്വാർട്ടേഴ്സ് അനുവദിച്ചു. ഇതിന്റെ ഭാഗമായി ഇരുന്നൂറിൽപ്പരം പൊലീസ് ഉദ്യോഗസ്ഥരെ അനുവദിക്കും. കൊട്ടാരക്കര ആസ്ഥാനമാക്കി റൂറൽ പൊലീസ് ജില്ല നിലവിൽ വന്നിട്ട് എട്ട് വർഷം പിന്നിടുമ്പോഴാണ് ഹെഡ് ക്വാർട്ടേഴ്സ് അനുവദിക്കുന്നത്. എന്നാൽ ആവശ്യത്തിന് പൊലീസുകാരില്ലാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരുന്നത്.

സ്റ്റേഷൻ ജോലികൾക്ക് പുറമെ കോടതി ഡ്യൂട്ടി, ട്രാഫിക്, പൊതു പരിപാടികൾ, വാഹന പട്രോളിംഗ് തുടങ്ങി ജോലികൾ ഏറെയുണ്ട് പൊലീസിന്. കൊവിഡ് കാലത്ത് അതിന്റേതായ ജോലിഭാരവുമേറി. കൺട്രോൾ റൂമിലേക്കടക്കം 72 പൊലീസുകാരെ പൊലീസ് സ്റ്റേഷനുകളിൽ നിന്ന് എത്തിച്ചാണ് ഇതുവരെ ജോലികൾ ചെയ്യിച്ചിരുന്നത്. സ്റ്റേഷനുകളിൽ അതിന്റേതായ പോരായ്മകളുമുണ്ടായി. 2016ൽ ആണ് ജില്ലാ ഹെഡ് ക്വാർട്ടേഴ്സ് അനുവദിക്കുന്നതിനുള്ള പ്രൊപ്പോസൽ സർക്കാരിന് സമർപ്പിച്ചത്. എന്നാൽ ഇപ്പോഴാണ് അംഗീകരിച്ചത്. കൊല്ലം സിറ്റി പൊലീസിന്റെ മൂന്നിൽ ഒന്ന് പൊലീസ് ഉദ്യോഗസ്ഥരെ ഇവിടേക്ക് അനുവദിക്കും.

ജില്ലാ ഹെഡ് ക്വാർട്ടേഴ്സ് അനുവദിച്ചത് റൂറൽ പൊലീസിന് വലിയ ഗുണം ചെയ്യുമെന്ന് റൂറൽ എസ്.പി ഹരിശങ്കർ പറഞ്ഞു. സ്റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരെയാണ് മറ്റ് ജോലികൾക്ക് വേണ്ടി മാറ്റിയിരുന്നത്. സിറ്റി പൊലീസിന്റെ പരിധിയിലുള്ള സേനയെയും ഇവിടേക്ക് ഉപയോഗിക്കേണ്ടതായി വന്നിരുന്നു. 145 സിവിൽ പൊലീസ് ഉദ്യോഗസ്ഥരും ഒപ്പം സീനിയർ സിവിൽ പൊലീസ് ഓഫീസർമാരും എ.എസ്.ഐമാരുമടക്കം ഇരുന്നൂറിൽപ്പരം ഉദ്യോഗസ്ഥർ റൂറൽ എസ്.പിയുടെ കീഴിൽ പുതുതായെത്തും. അംഗസംഖ്യ കൂടുന്നത് കൂടുതൽ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.