agri

കൊല്ലം: ശാസ്താംകോട്ട കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയൽ ഡി.ബി കോളേജിന്റെ പരിസരത്ത് പത്തേക്കറിൽ സമഗ്രകൃഷി നടത്താൻ ദേവസ്വം ബോർഡും കോളേജ് അധികൃതരും തീരുമാനിച്ചു. സുഭിക്ഷ എന്നാണ് പദ്ധതിയുടെ ഭാഗമായി തരിശുകിടക്കുന്ന പത്ത് ഏക്കർ ഭൂമിയിലാണ് കൃഷി ഇറക്കുന്നത്. കോളേജിൽ രണ്ട്പശുവും 8 ആടുകളും 70 മുട്ട കോഴികളും നിലവിലുണ്ട്. കോളേജ് പി.ടി.എ ആണ് ഇവയെ പരിപാലിക്കുന്നത്. ഒരു ഡയറി യൂണിറ്റും തുടങ്ങുന്നതിനും തീരുമാനമായി. ഇതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് 10 കന്നുകാലികളെ പരിപാലിക്കാൻ കഴിയുന്ന തൊഴുത്ത് നിർമിച്ചു നൽകും. ക്ഷീരവികസനവകുപ്പ് 10 പശുക്കളെ സബ്‌സിഡിയായും തീറ്റപ്പുല്ലിന്റെ തണ്ടും ലഭ്യമാക്കും. നിലം ഒരുക്കുന്നതിനും മറ്റുമുള്ള സഹായങ്ങൾ ശാസ്താംകോട്ട ഗ്രാമപഞ്ചായത്തും നൽകുമെന്ന് വാർഡംഗം എസ്. ദിലീപ് കുമാറും അറിയിച്ചു.

ഇതു സംബന്ധിച്ചു ചേർന്ന യോഗം ദേവസ്വം ബോർഡ് മെമ്പർ കെ.എസ്. രവി ഉദ്ഘാടനം ചെയ്തു. ഡോ. കെ.എസ്. അനിൽകുമാർ അധ്യക്ഷത വഹിച്ചു.

ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ ജി. ബൈജു, കൃഷി അസിസ്റ്റന്റ് ഡയറക്ടർ പുഷ്പ ജോസഫ്, കൃഷി ഓഫീസർ ബിനിഷ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജെ. രാധാകൃഷ്ണപിള്ള, പി.ടി.എ വൈസ് പ്രസിഡന്റ് നസീർ തുടങ്ങിയവർ പങ്കെടുത്തു.

സുഭിക്ഷ പദ്ധതി ഇങ്ങനെ...

കൃഷിയിറക്കുന്നത്: 10 ഏക്കറിൽ

തീറ്റപ്പുല്ല് കൃഷി: 05 ഏക്കർ

കൈതച്ചക്ക കൃഷി: 2.5 ഏക്കർ

പച്ചക്കറി കൃഷി: 50 സെന്റിൽ

2.5 ഏക്കറിൽ: ചേമ്പ്, ചേന. ഇഞ്ചി

മൃഗപരിപാലനം ഇങ്ങനെ....

നിലവിലുള്ളത്: രണ്ട്പശു, 8 ആടുകൾ

ഒപ്പം: 80 മുട്ടക്കോഴികൾ

10 പശുക്കളെ സബ്സിഡിയായി ലഭിക്കും

തീറ്റപ്പുല്ലും ക്ഷീര വികസന വകുപ്പ് ലഭ്യമാക്കും

തൊഴുത്ത് നിർമ്മിക്കുന്നത് ദേവസ്വം ബോർഡ്