snakemaster

കൊല്ലം: അഞ്ചൽ ഏറം വെള്ളശേരിയിൽ ഉത്രയെ മൂർഖനെ കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയ കേസിൽ പഴുതടച്ച കുറ്റപത്രം തയ്യാറാക്കാനും ശിക്ഷ ഉറപ്പ് വരുത്താനും ഇതിനുസമാനമായി വർഷങ്ങൾക്ക് മുമ്പ് നടന്ന കൊലപാതകകേസിന്റെ വിശദാംശങ്ങൾ ശേഖരിക്കാൻ അന്വേഷണ സംഘം മഹാരാഷ്ട്രയിലേക്ക് പോകുന്നു.

അവിടെ സ്വത്ത് തട്ടിയെടുക്കാൻ ഇളയ മകനാണ് മാതാപിതാക്കളെ പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊല്ലാൻ ക്വട്ടേഷൻ കൊടുത്തത്.

പ്രതികളെ ശിക്ഷിച്ച നാഗ്പൂരിലെ അന്നത്തെ കോടതി വിധി, പൊലീസിന്റെ കുറ്റപത്രം, ഹാജരാക്കിയ തെളിവുകൾ എന്നിവ വിശദമായി പഠിച്ചശേഷമാകും ഇവിടെ കുറ്റപത്രം തയ്യാറാക്കുക.

ആ കേസിലും ദൃക്‌സാക്ഷികളില്ല. മറ്റ് സാക്ഷികളും കുറവാണ്. ഉത്രയുടെ മാതാപിതാക്കളെയും സഹോദരനെയും സാക്ഷികളാക്കാൻ ആലോചനയുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ കുറ്റപത്രത്തിന് ബലമേകുമെന്നാണ് നിഗമനം.

നാഗ്പൂർ കേസ്

#. 2010ൽ നാഗ്പൂരിൽ വൃദ്ധ ദമ്പതികളെ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.

#. ഇളയമകൻ ഉൾപ്പെട്ട അഞ്ചംഗ സംഘം പാമ്പിനെ ഉപയോഗിച്ച് കൊത്തിച്ച് കൊലപ്പെടുത്തിയെന്ന് പൊലീസ് കണ്ടെത്തൽ

# സ്വത്ത് തട്ടാനായിരുന്നു ആസൂത്രിത കൊലപാതകം.

# അഞ്ചുലക്ഷം രൂപയ്ക്കായിരുന്നു ക്വട്ടേഷൻ.

# ദൃക്‌സാക്ഷികൾ ഇല്ലാതിരുന്നിട്ടും എല്ലാ പ്രതികളെയും കോടതി ജീവപര്യന്തം ശിക്ഷിച്ചു.

# ഇത്തരമൊരു ക്രൂരകൃത്യം പാടില്ലെന്ന ബോധം സമൂഹത്തിനുണ്ടാകണമെന്ന പരാമർശത്തോടെയാണ് അഡി.സെഷൻസ് കോടതി ജ‌ഡ്ജി ആർ.ബി. പാട്ടീൽ പ്രതികളെ ശിക്ഷിച്ചത്.

''കുറ്റപത്രം തയ്യാറാക്കാൻ നാഗ്പൂർ കോടതി വിധി പഠിക്കും. ആരെയും മാപ്പുസാക്ഷിയാക്കാൻ ആലോചിച്ചിട്ടില്ല".

എ. അശോകൻ

ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി