online-study
സ്മാർട്ട് പഠനം ഓൺലൈനിൽ

 തിങ്കളാഴ്‌ച കോളേജുകൾ തുറക്കും

കൊല്ലം: ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കോളേജുകൾ, സാങ്കേതിക സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ അദ്ധ്യയന ദിവസങ്ങൾ നഷ്ടമാകാതെ ജൂൺ ഒന്ന് മുതൽ ക്ലാസുകൾ ആരംഭിക്കാൻ നിർദേശം. സർവകലാശാലകളുടെ ചാൻസിലർ കൂടിയായ ഗവർണർക്ക് വേണ്ടി പ്രിൻസിപ്പൽ സെക്രട്ടറി ഉഷ ടൈറ്റസാണ് ഉത്തരവിറക്കിയത്.

കോളേജുകളുടെ അദ്ധ്യയന സമയം രാവിലെ 8.30 മുതൽ ഉച്ചയ്‌ക്ക് 1.30 വരെയാക്കി പുനരേകീകരിക്കുകയും ചെയ്‌തു. ക്ലാസുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായി കോളേജുകളിൽ പ്രാഥമിക അവലോകനങ്ങളും മുന്നൊരുക്കങ്ങളും നടത്തി. നിശ്ചിത ശതമാനം അദ്ധ്യാപകർ കോളേജിലെത്തുന്ന തരത്തിൽ ക്രമീകരണം ഒരുക്കാനാണ് നിർദേശം. ഇവർ കോളേജിലും മറ്റുള്ള അദ്ധ്യാപകർ വീടുകളിലിരുന്നും ഓൺലൈൻ ക്ലാസുകൾ നൽകണം. ജൂൺ 2 ന് സർവകലാശാല പരീക്ഷകളും കോളേജുകളിൽ തുടങ്ങും. സാമൂഹിക അകലം ഉറപ്പ് വരുത്തിയാകും പരീക്ഷകളുടെ നടത്തിപ്പ്.

അദ്ധ്യന സമയം

രാവിലെ 8.30 മുതൽ

ഉച്ചയ്ക്ക് 1.30 വരെ

ഓൺലൈൻ ക്ലാസുകളിങ്ങനെ

1. കുട്ടികളുടെ എണ്ണം, വിഷയം എന്നിവയുടെ അടിസ്ഥാനത്തിൽ

2. സോഫ്ട്‌വെയർ സ്ഥാപനത്തിന് തീരുമാനിക്കാം

3. ഉപയോഗിക്കുക സൂം, ഗൂഗിൾ ക്ലാസ് റൂം, ഗൂഗിൾ മീറ്റ്, മൈക്രോസോഫ്ട് ടീം

4. ക്ലാസുകൾ റെക്കോർഡ് ചെയ്‌ത് സൂക്ഷിക്കാം

5. വകുപ്പ് മേധാവികൾ പ്രിൻസിപ്പലിന് റിപ്പോർട്ടുകൾ നൽകണം

6. വിദ്യാർത്ഥികൾ പങ്കെടുക്കുന്നുവെന്ന് അദ്ധ്യാപകർ ഉറപ്പാക്കണം

7. സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് തൊട്ടടുത്ത കോളേജുകൾ, ലൈബ്രറികൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ക്ളാസിൽ പങ്കെടുക്കാം

8. ക്ലാസുകളുടെ ഫലപ്രാപ്തിയെ കുറിച്ച് വിലയിരുത്തൽ

9. അക്കാദമിക് കലണ്ടർ പ്രകാരം ക്ലാസുകൾ നടക്കുന്നെന്ന് പ്രിൻസിപ്പൽ ഉറപ്പ് വരുത്തണം

നിർബന്ധിതമാക്കരുതെന്ന് ആവശ്യം

ഓൺലൈൻ ക്ലാസുകൾ നിർബന്ധിതമാക്കരുതെന്ന ആവശ്യം വിദ്യാർത്ഥി സംഘടനകളിൽ നിന്ന് ഉയർന്നിട്ടുണ്ട്. ശക്തമായ വിമർശനമാണ് ഈ വിഷയത്തിൽ എസ്.എഫ്.ഐ ഉയർത്തിയത്. അദ്ധ്യയന സമയത്തിന്റെ പുനരേകീകരണത്തിനെതിരെയും വിമർശനമുണ്ട്.

''

ഓൺലൈൻ ക്ലാസുകൾ ജൂൺ ഒന്നിന് ആരംഭിക്കും. ആവശ്യമായ ടൈം ടൈബിൾ തയ്യാറാക്കി നൽകി.

ഡോ.ആർ. സുനിൽ കുമാർ

പ്രിൻസിപ്പൽ, കൊല്ലം എസ്.എൻ കോളേജ്