pooja

കഴിഞ്ഞ വർഷമാണ് ബോളിവുഡ് താരവും മുൻ മിസ് ഇന്ത്യയുമായ പൂജാ ബത്ര വിവാഹിതയായത്. നടൻ നവാബ് ഷായാണ് പൂജയുടെ ഭർത്താവ്. ഇപ്പോൾ നവാബ് ഷാ തന്നോട് വിവാഹാഭ്യാർത്ഥന നടത്തിയ നിമിഷത്തെ കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കുകയാണ് പൂജ.

"കഴിഞ്ഞവർഷം ഈ ദിവസമായിരുന്നു എന്റെ ഭർത്താവ് നവാബ്, അദ്ദേഹത്തിന്റെ അമ്മയുടേയും കുടുംബത്തിന്റേയും സാന്നിധ്യത്തിൽ എന്നോട് വിവാഹാഭ്യർത്ഥന നടത്തിയത്. നിങ്ങളുടെ അനുഗ്രഹങ്ങളും സ്നേഹവും എല്ലായ്‌പ്പോഴും ഞങ്ങളോടൊപ്പം ഉണ്ടായിരിക്കട്ടെ. ഞങ്ങൾ നിങ്ങളെ മിസ് ചെയ്യുന്നു," എന്നാണ് പൂജ കുറിച്ചത്. ചിത്രവും അവർ പങ്കുവച്ചിട്ടുണ്ട്.

നവാബുമായുള്ള വിവാഹത്തെ കുറിച്ച്‌, പൂജ ബത്ര പറഞ്ഞത് ഇങ്ങനെയായിരുന്നു:

"അതെ, ഞങ്ങൾ വിവാഹിതരായി. നവാബും ഞാനും ഡൽഹിയിൽ വച്ച്‌ മനസമ്മതം കൈമാറി, ഞങ്ങളുടെ കുടുംബങ്ങൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. എന്തിനാണ് വിവാഹം വച്ച്‌ താമസിപ്പിക്കുന്നത് എന്ന് ഞങ്ങളുടെ പ്രിയപ്പെട്ടവർ ഞങ്ങളോട് ചോദിക്കുന്നുണ്ടായിരുന്നു. ഞാനൊരു ഒഴുക്കിനൊപ്പം പോകുകയായിരുന്നു. പെട്ടെന്നാണ് എന്റെ ജീവിതം ഞാൻ ചെലവഴിക്കാൻ ആഗ്രഹിക്കുന്നത് ഇദ്ദേഹത്തോടൊപ്പമാണെന്ന് തിരിച്ചറിഞ്ഞത്. പിന്നെ വച്ചു നീട്ടുന്നതിൽ അർത്ഥമില്ല. അതിനാൽ, ഞങ്ങൾ വിവാഹിതരായി. ആര്യ സമാജ് ചടങ്ങ് പ്രകാരം ഞങ്ങൾവിവാഹിതരായി" പൂജ പറഞ്ഞു.

1997-ൽ പുറത്തിറങ്ങിയ 'വിരാസത്' എന്ന ചിത്രത്തിലൂടെയാണ് പൂജ അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. ബോളിവുഡ് ചിത്രങ്ങൾക്ക് പുറമേ മലയാളം, തമിഴ്, തെലുഗു എന്നീ ഭാഷകളിലെ ചിത്രങ്ങളിലും പൂജ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ മോഹൻലാലിനൊപ്പം 'ചന്ദ്രലേഖ' എന്ന ചിത്രത്തിലും മമ്മൂട്ടിക്കൊപ്പം 'മേഘം' എന്ന ചിത്രത്തിലും ജയറാമിനൊപ്പം 'ദൈവത്തിന്റെ മകൻ' എന്ന ചിത്രത്തിലും പൂജ നായികയായിരുന്നു..