uthra

കൊല്ലം: അഞ്ചൽ ഏറം വെള്ളശേരിയിൽ ഉത്രയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഭർത്താവ് സൂരജും അതിനായി പാമ്പിനെ നൽകിയ സുരേഷും തമ്മിൽ രഹസ്യധാരണയുണ്ടെന്ന സംശയത്തിലാണ് അന്വേഷണ സംഘം.പാമ്പുകളെ വാങ്ങിയതിന്റെ യഥാർത്ഥ ഉദ്ദേശ്യം അറിഞ്ഞിരുന്നില്ലെന്ന സുരേഷിന്റെ ആവർത്തിച്ചുള്ള മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ല.പാമ്പിനെ കൊടുത്തപ്പോൾ വാങ്ങിയ തുകയ്ക്ക് പുറമേ, ഉത്രയുടെ മരണശേഷം വൻതുകയുടെ ഇടപാട് നടന്നിട്ടുണ്ടോ എന്നറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.

പാമ്പുകളെ കൈമാറിയ സമയവും സ്ഥലവും സംബന്ധിച്ച് ഇരുവരും നൽകിയ മൊഴിയിൽ വലിയ അന്തരമുണ്ട്. ആസമയം സുരേഷിനൊപ്പമുണ്ടായിരുന്ന
സുഹൃത്തുക്കളുടെ മൊഴിയെ അടിസ്ഥാനമാക്കിയാണ് സ്ഥലം പൊലീസ് തിരിച്ചറിഞ്ഞത്.

പാമ്പിനെ പിടിക്കാൻ പോകുന്നത് സ്കൂട്ടറിലാണെങ്കിൽ ഒരു സുഹൃത്തിനെ ഉറപ്പായും സുരേഷ് ഒപ്പം കൂട്ടും. കാറിലോ ആട്ടോയിലോ ആണെങ്കിൽ ഒന്നിലധികം പേരെ വിളിക്കും. പാമ്പിനെ പിടിക്കുന്നത് മൊബൈൽ ഫോണിൽ ചിത്രീകരിക്കാനാണ് സുഹൃത്തുക്കളെ കൂട്ടുന്നത്. വിശദമൊഴി നൽകാൻ ഇവരെ വിളിപ്പിച്ചിട്ടുണ്ട്. ഇതിനു മുമ്പ് സുരേഷ് നടത്തിയ ഇടപാടുകളെ കുറിച്ച് അറിയാനാണിത്. പാമ്പുകളെ കൊണ്ടുവന്ന വാഹനങ്ങൾ ഉടൻ കസ്റ്റഡിയിലെടുക്കും. സുരേഷിന്റെ കസ്റ്റഡികാലാവധി ഇന്നു കഴിയും. അതേസമയം, പാമ്പുമായി ബന്ധപ്പെട്ട് സുരേഷ് ഇതുവരെ നടത്തിയ ഇടപാടുകളെ കുറിച്ച് അറിയാൻ ജൂൺ ഒന്നിന് വനംവകുപ്പ് കസ്റ്റഡിയിൽ വാങ്ങും.

'' സൂരജിനെ പോലെ സുരേഷും നല്ല അഭിനേതാവാണ്. ഇതിനാലാണ് അന്വേഷണം വിപുലമാക്കുന്നത്.

ഹരിശങ്കർ

കൊല്ലം റൂറൽ എസ്.പി