school
സ്‌കൂളുകൾ

കൊല്ലം: കോളേജുകളിൽ ജൂൺ ഒന്ന് മുതൽ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കാൻ നിർദേശം വന്നെങ്കിലും സ്‌കൂൾ ക്ലാസുകളെ കുറിച്ച് തീരുമാനമായില്ല. സ്വകാര്യ സി.ബി.എസ്.ഇ- ഐ.സി.എസ്.ഇ സ്‌കൂളുകളിൽ ഒമ്പത് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിൽ വേനലവധി ക്ലാസുകൾ ഓൺലൈൻ ആയി തുടങ്ങിയിരുന്നു. ജൂൺ ഒന്ന് മുതൽ ചെറിയ ക്ലാസുകളിൽ അടക്കം ഓൺലൈൻ ക്ലാസുകൾ തുടങ്ങാനുള്ള ശ്രമത്തിലാണ് സ്വകാര്യ സ്കൂളുകൾ.

പുസ്തക വിതരണം പൂർത്തീകരിച്ച് ആവശ്യമായ നിർദേശങ്ങളും ഇത്തരം സ്കൂളുകൾ നൽകിയിരുന്നു. എന്നാൽ പൊതുവിദ്യാലയങ്ങളിലെ ഓൺലൈൻ ക്ലാസുകൾ സംബന്ധിച്ച് സർക്കാർ തലത്തിൽ അന്തിമ ധാരണയായിട്ടില്ല. വിദ്യാർ‌ത്ഥികളുടെ വിടുതൽ സർട്ടിഫിക്കറ്റുകളുടെ വിതരണം ഏതാണ്ട് പൂർത്തീകരിച്ചെങ്കിലും പ്രവേശന നടപടികൾ പൂർത്തീകരിച്ചിട്ടില്ല. അദ്ധ്യയന കാലാവധി പത്ത് മാസത്തിൽ നിന്ന് എട്ട് മാസത്തിലേക്ക് കുറയ്ക്കേണ്ടി വരുമെന്ന ആലോചന മുമ്പ് നടന്നിരുന്നു. അദ്ധ്യയന ദിവസങ്ങളുടെ എണ്ണം കുറച്ചാലും പാഠഭാഗങ്ങളിൽ ഭേദഗതിക്ക് സാദ്ധ്യതയില്ല.

വിദ്യാഭ്യാസ വകുപ്പിന്റെ വിക്ടേഴ്സ് ചാനൽ വഴി കുട്ടികൾക്ക് ആവശ്യമായ ക്ലാസുകൾ നൽകാനും ഓൺലൈൻ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താനുമാണ് സാദ്ധ്യത.