കൊല്ലം: സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് 5.24 കോടി രൂപയുടെ പതിമൂന്ന് പുതിയ പദ്ധതികൾ ഏറ്റെടുത്തതായി പ്രസിഡന്റ് സി. രാധാമണി അറിയിച്ചു. കൂടാതെ ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ സുഭിക്ഷ കേരളത്തിന്റെ ഭാഗമായി ഏറ്റെടുക്കുന്ന പദ്ധതികൾക്ക് ജില്ലാ പഞ്ചായത്ത് വിഹിതമായി 5 ലക്ഷം രൂപ വീതം നൽകാനും തീരുമാനമായി. ക്ഷീര സാന്ത്വനം, അജഗ്രാമം പദ്ധതികളിലൂടെ കുരിയോട്ടുമല ഫാമിൽ നിന്ന് 780 ആടുകളെയും 260 പശുക്കളെയും ഗ്രൂപ്പുകൾക്ക് വിതരണം ചെയ്യും. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഏറ്റെടുത്ത പ്രോജക്ടുകളുടെ നിർവഹണം ജൂൺ ആദ്യവാരം തന്നെ ആരംഭിക്കണമെന്ന് എല്ലാ നിർവഹണ ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയതായും പ്രസിഡന്റ് പറഞ്ഞു.
പുതിയ പദ്ധതികൾ
1. തരിശുഭൂമിയിൽ നെൽകൃഷി
2. മറ്റ് ഇടവിളക്കൃഷികൾ
3. മത്സ്യ സുഭിക്ഷത (പടുതാക്കുളത്തിൽ)
4. ക്ഷീരസാന്ത്വനം (അഞ്ച് പേരടങ്ങുന്ന ഗ്രൂപ്പുകൾക്ക് അഞ്ച് കറവപ്പശുക്കൾ)
5. പുൽകൃഷി
6. അജഗ്രാമം (അഞ്ചുപേരടങ്ങുന്ന 52 ഗ്രൂപ്പുകൾക്ക്, ഗ്രൂപ്പ് ഒന്നിന് 15 ആടുകൾ വീതം)
7. ഫലവൃക്ഷത്തൈകൾ ഉൽപ്പാദിപ്പിച്ച് വിതരണം ചെയ്യൽ
8. തോട്ടത്തറ ഹാച്ചറിയിൽ കൃഷി ഒരുക്കൽ
9. മഴമറ
10. ഫാം മിത്ര (ഫാമുകളിലെ വിത്തുകൾ സൗജന്യമായി കർഷകർക്ക്)
11. പയർ, കിഴങ്ങ്, എള്ള്, ഉഴുന്ന്, മുതിര കൃഷികൾ
12. ഹരിതസേന രൂപീകരണം
13. സുഭിക്ഷ കേരളം പദ്ധതികൾക്ക് ജില്ലാ പഞ്ചായത്ത് വിഹിതം (5 ലക്ഷം)
അനുവദിച്ചത്: 5.24 കോടി
പുതിയ പദ്ധതികൾ: 13
വിതരണത്തിന്
ആടുകൾ:780
പശുക്കൾ: 260