ambulance

കൊല്ലം: ഗർഭിണിയായ യുവതിയുമായി വരികയായിരുന്ന ആംബുലൻസ് നീണ്ടകരയിൽ നിയന്ത്രണം തെറ്റി തലകീഴായി മറിഞ്ഞു. വർക്കല സ്വദേശിനി അശ്വതിയുമായി (27) വരുകയായിരുന്ന ആംബുലൻസാണ് മറിഞ്ഞത്.

ദേശീയപാതയിൽ ഇന്നലെ രാവിലെ പത്തോടെയായിരുന്നു അപകടം. യുവതിയെ സ്ട്രച്ചറിൽ ബന്ധിച്ചിരുന്നതിനാൽ കാര്യമായ പരിക്കില്ല. പരിക്കേൽക്കാതിരുന്ന ആംബുലൻസ് ഡ്രൈവറും സമീപവാസികളും ചേർന്നാണ് യുവതിയെ പുറത്തെടുത്തത് മറ്റൊരു ആംബുലൻസിൽ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിദേശത്ത് നിന്ന് കണ്ണൂർ വിമാനത്താവളത്തിൽ എത്തിയതായിരുന്നു യുവതി. ഇവർ കൊവിഡ് ബാധിതയാണെന്ന കിംവദന്തി രക്ഷാപ്രവർത്തനം നടത്തിയ പ്രദേശവാസികൾക്കിടയിൽ അല്പനേരം ആശങ്ക പടർത്തി. പിന്നീട് ആരോഗ്യപ്രവർത്തകർ സ്ഥലത്തെത്തി കാര്യങ്ങൾ വിശദീകരിച്ചു. ഫയർഫോഴ്സ് സ്ഥലത്തെത്തി അപകടം നടന്ന സ്ഥലം അണുവിമുക്തമാക്കി.