covid
ഗൃഹ നിരീക്ഷണം ലംഘിച്ച യുവാവിനെതിരെ കേസ്

കൊല്ലം: ജമ്മുകാശ്‌മീരിൽ നിന്ന് മടങ്ങിയെത്തി ഗൃഹനിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവ് നിയന്ത്രണങ്ങൾ ലംഘിച്ച് പുറത്തിറങ്ങിയതിന് പൊലീസ് കേസെടുത്തു. തൃക്കടവൂർ കോട്ടയ്ക്കകം ഷമീന റസിഡൻസിയിൽ ഷാലുമോനെതിരെ (30) അഞ്ചാലുംമൂട് പൊലീസാണ് കേസെടുത്തത്. 27നാണ് ഷാലുമോൻ ജമ്മുകാശ്മീരിൽ നിന്ന് നാട്ടിൽ മടങ്ങിയെത്തിയത്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം ഷമീന റസിഡൻസിയിൽ പതിവ് പരിശോധനയ്ക്ക് എത്തുമ്പോൾ ഷാലുമോൻ അവിടെ ഉണ്ടായിരുന്നില്ല. തുടർന്ന് ആരോഗ്യ വകുപ്പ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഗൃഹ നിരീക്ഷണം അവഗണിച്ച് പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.