കൊല്ലം: വിപണിയിൽ പലവ്യഞ്ജനങ്ങളുടെ വില താഴ്ന്നുതുടങ്ങി. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ചരക്ക് ഗതാഗതം കൂടുതൽ സുഗമമായതും കച്ചവടം ഇടിഞ്ഞതുമാണ് വില കുറയാനുള്ള കാരണമായി വ്യപാരികൾ പറയുന്നത്.
ലോക്ക് ഡൗൺ കാലത്ത് വൻതോതിൽ ഉയർന്ന ചെറുപയർ, ശർക്കര, പാം ഓയിൽ, വെളിച്ചെണ്ണ, സാമ്പാർ പരിപ്പ്, ഉഴുന്ന, കൊച്ചുള്ളി, സവാള എന്നിവയുടെ വിലയാണ് താഴ്ന്നത്. ലോക്ക് ഡൗണിന്റെ ആദ്യ ദിനങ്ങളിൽ 90 രൂപയിലേക്ക് ഉയർന്ന സവാള വില ഇപ്പോൾ 18 ആയി കുത്തനെ ഇടിഞ്ഞിട്ടുണ്ട്. എന്നാൽ പല ഇനങ്ങൾക്കും ലോക്ക് ഡൗണിന് മുൻപുള്ള അവസ്ഥയിലേക്ക് വില താഴ്ന്നിട്ടില്ല. വരും ദിവലങ്ങളിൽ വില കൂടുതൽ ഇടിയാൻ സാദ്ധ്യതയുള്ളതായി വ്യാപാരികൾ പറയുന്നു. എന്നാൽ വൻപയറിന്റെ വില വീണ്ടും ഉയർന്ന് 82 ആയി. പച്ചരിയുടെ വിലയിലും കാര്യമായ മാറ്റം വന്നില്ല.
വിലക്കുറവിനൊപ്പം വിപണിയിൽ പല അവശ്യവസ്തുക്കൾക്കും ഉണ്ടായ ക്ഷാമവും വലിയ തോതിൽ പരിഹരിക്കപ്പെട്ടിട്ടുണ്ട്. ലോക്ക് ഡൗണിന്റെ ആദ്യ ആഴ്ചകളിൽ എല്ലാ പല വ്യഞ്ജനക്കടകളിലും വൻ തിരക്കായിരുന്നു. ഭക്ഷ്യക്ഷാമം ഉണ്ടാകുമെന്ന ആശങ്കയിൽ ജനങ്ങൾ വൻതോതിൽ ഭക്ഷ്യസാധനങ്ങൾ വാങ്ങിക്കൂട്ടി. ലോക്ക് ഡൗണിൽ വലിയ ഉളവുകൾ ഉണ്ടായിട്ടും ഇപ്പോൾ ഭക്ഷ്യവസ്തുക്കൾ വാങ്ങാൻ കാര്യമായ തിരക്കില്ല.
ഇനം, ലോക്ക് ഡൗണിന് മുൻപുള്ള വില, ലോക്ക് ഡൗൺ കാലത്തെ ഉയർന്ന വില, ഇപ്പോഴത്തെ വില
അരി സെവൻ സ്റ്റാർ ജയ, 37, 38, 37
ചെറുപയർ 118, 134, 130
ശർക്കര 48, 64, 55
പാം ഓയിൽ 80,90, 80
സാമ്പാർ പരിപ്പ് 70, 85, 80
ഉഴുന്ന് 110, 120, 110
ഗ്രീൻപീസ് 120, 160, 155
മല്ലി 80, 95, 80
വൻപയർ 70, 80, 82
പച്ചരി 30, 32, 32