കൊല്ലം: ഉത്ര കൊലക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ എല്ലാ ഇനം പാമ്പുകളുടെയും വിവരശേഖരണം നടത്തുന്നു. പാമ്പ് പിടുത്തക്കാരൻ വാവാ സുരേഷിനെ ഇന്നലെ അന്വേഷണ സംഘം വിളിപ്പിച്ച് വിവരങ്ങൾ തേടി. ഉത്രയെ കൊത്തിയത് മൂർഖൻ പാമ്പാണെന്ന് വ്യക്തമാണെങ്കിലും കുറ്റപത്രം സമർപ്പിക്കുമ്പോൾ പാമ്പുകളുടെ പൊതുസ്വഭാവത്തെപ്പറ്റി പ്രത്യേകം ഫയൽ തയ്യാറാക്കാനാണ് തീരുമാനം. ഇതിനായി പ്രത്യേക ടീമിനെ നിയോഗിച്ചിട്ടുണ്ട്.
ഉഗ്ര വിഷമുള്ള രാജവെമ്പാല മുതൽ വിഷമില്ലാത്ത പാമ്പുകൾ വരെ റിപ്പോർട്ടിൽ ഉൾപ്പെടും. സംസ്ഥാനത്ത് പത്ത് ഇനം വിഷപ്പാമ്പുകളാണുള്ളത്. അണലിയും മൂർഖനും ശംഖുവരയനുമാണ് മനുഷ്യരെ കടിക്കാറുള്ളതെന്നും ശംഖുവരയന്റെ കടിയേൽക്കുന്നത് അപൂർവമാണെന്നും വാവ സുരേഷ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.