കൊല്ലം: കൊല്ലം താലൂക്ക് സപ്ലൈ ഓഫീസർ സി.വി. അനിൽകുമാറിന്റെ 33 വർഷത്തെ കറപുരളാത്ത സർവീസ് ജീവിതത്തിന് വിരാമം. 1987ൽ സിവിൽ സപ്ലൈസ് വകുപ്പിൽ ക്ലാർക്കായാണ് ജോലിയിൽ പ്രവേശിച്ചത്.
ബിരുദത്തിന് ചേർന്നപ്പോൾ തന്നെ പി.എസ്.സി പഠനം തുടങ്ങി. അതിനാൽ ജോലിക്കായി ഏറെ അലയേണ്ടി വന്നില്ല. ബിരുദം പഠനം കഴിഞ്ഞിറങ്ങിയപ്പോൾ ജോലി കിട്ടി. സിവിൽ സപ്ലൈസ് വകുപ്പിൽ അഴിമതിക്കാരല്ലാത്ത ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണങ്ങളും പരാതികളും പതിവാണ്. പക്ഷെ സി.വി. അനിൽകുമാറിന് ഇതുവരെ ഒരന്വേഷണവും നേരിടേണ്ടി വന്നിട്ടില്ല. അച്ചടക്ക നടപടിയും ഉണ്ടായിട്ടില്ല. കാസർകോട്, കോഴിക്കോട്, ചെങ്ങന്നൂർ, പുനലൂർ എന്നിവിടങ്ങളിൽ ടി.എസ്.ഒ ആയി സേവനം അനുഷ്ഠിച്ച ശേഷമാണ് കൊല്ലത്തെത്തുന്നത്. അപ്പോൾ 75,000 അപേക്ഷകൾ താലൂക്ക് സപ്ലൈ ഓഫീസിൽ കെട്ടിക്കിടക്കുകയായിരുന്നു. വേഗത്തിൽ അവയെല്ലാം തീർപ്പാക്കി.
പെൻഷൻ വാങ്ങി വെറുതെ വീട്ടിലിരിക്കാനല്ല അനിൽകുമാറിന്റെ തീരുമാനം. സാമൂഹ്യ പ്രവർത്തനങ്ങളിൽ വരും ദിവസങ്ങളിൽ കൂടുതൽ സജീവമാകും. കൊല്ലം കാങ്കത്ത്മുക്ക് 'അപ്സര"യിലാണ് താമസം. അമ്പിളിയാണ് ഭാര്യ. പ്രബോധ് വിശ്വം, സ്നേഹ അനിൽ എന്നിവർ മക്കൾ.