kollankaran

പൊലീസിന്റെ കേസന്വേഷണ ചരിത്രത്തിലെ പൊൻതൂവലാണ് അഞ്ചലിൽ മാലോകർ കണ്ടത്. ഉത്രയെന്ന 25 കാരിയെ മൂർഖൻ പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയ ഭർത്താവിനെ ദിവസങ്ങൾക്കകം അഴിക്കുള്ളിലാക്കിയ സമർത്ഥമായ പൊലീസ് നീക്കമായിരുന്നു അത്. പൊലീസിന്റെ സമർപ്പണവും ബുദ്ധിയും നിഷ്പക്ഷതയും ഒന്നിച്ചപ്പോൾ കേരളം കണ്ട ഏറ്റവും നീചനായ ഒരു ഭർത്താവിന്റെ പത്തി താഴ്ന്നു. റൂറൽ ജില്ലാ പൊലീസ് മേധാവിക്കും അന്വേഷണ ഉദ്യോഗസ്ഥർക്കും ചരിത്രത്തിലിടം കിട്ടുന്ന സത്യസന്ധമായൊരു അന്വേഷണം.
വിഷപ്പാമ്പ് ആയുധമായി മാറിയ അത്യപൂർവമായൊരു കൊലപാതകം. കേരളം ഞെട്ടിയതിനൊപ്പം ഭർത്താവ് അകത്തായപ്പോൾ തുറന്നുവന്നത് കൂടത്തായി കേസിലെ ജോളിയെപ്പോലെ ക്രിമിനൽ ബുദ്ധിയുടെ ഉള്ളറകളാണ്. എന്നാൽ ഇത്രത്തോളം സത്യമുള്ള പൊലീസിനുള്ളിൽ നിന്ന് അത്ര സുഖകരമല്ലാത്ത മറ്റ് ചില കാര്യങ്ങളും പുറത്തുവരുന്നത് കല്ലുകടിയായി.
രണ്ട് തവണ ഒരു പെൺകുട്ടിയെ പാമ്പുകടിക്കുക, അതും അടുത്തടുത്ത ദിവസങ്ങളിൽ. എ.സി മുറി തുറന്നിടുക, ഭാര്യമരിച്ചതിന്റെ ആറാം നാൾ സ്വത്ത് കുഞ്ഞിന്റെ പേരിലേയ്ക്ക് എന്നെഴുതുമെന്ന് ഭർത്താവ് ചോദിക്കുക... ഇത്രയും മതിയാവും ഒരു പൊലീസുകരന്റെ പോലും തലയിൽ സംശയങ്ങൾ ഉടലെടുക്കാൻ. ഇക്കാര്യമെല്ലാം തുറന്നുപറഞ്ഞ് അഞ്ചൽ സ്റ്റേഷനിലെ ഒരു പൊലീസ് ഓഫീസറെ ഉത്രയുടെ അമ്മയും അച്ഛനും സമീപിച്ചപ്പോൾ അത്ര സുഖകരമായ പ്രതികരണമല്ല ഉണ്ടായത്. 'ഓ.. അതൊക്കെ നിങ്ങളുടെ സംശയമാണ്" എന്നായിരുന്നു ഏമാന്റെ ആദ്യ മറുപടി. ഏമാന് നേരിട്ട് പരാതി കൊടുത്തിട്ടും അനങ്ങിയില്ല. വീട്ടുകാർക്കൊപ്പം മറ്റ് പലരും പുള്ളിക്കാരനെ വിളിച്ച് സംശയം പങ്കുവച്ചു. ഭർത്തൃവീട്ടിൽ നടന്ന പീഡനത്തെപ്പറ്റി പറഞ്ഞു. എവിടെ, ഏമാൻ അനങ്ങിയില്ല. ഗത്യന്തരമില്ലാതെയാണ് ഉത്രയുടെ മാതാപിതാക്കൾ റൂറൽ എസ്. പി ഹരിശങ്കറിനെ സമീപിച്ചത്. കാര്യങ്ങളറിഞ്ഞ ഉടൻ അദ്ദേഹം നടപടിയെടുത്തു. പിന്നെ എല്ലാം വേഗത്തിലായിരുന്നു. എസ്.പി അടിയന്തരമായി ഇടപെട്ടില്ലായിരുന്നെങ്കിൽ ഈ കേസ് പാമ്പ് കടിയേറ്റുള്ള ഒരു സ്വാഭാവിക മരണമായി എഴുതി തള്ളിയേനെ. എന്തുകൊണ്ടാണ് അഞ്ചലിലെ ഏമാൻ ഇതുമായി ബന്ധപ്പെട്ട് യാതൊരന്വേഷണവും നടത്താതിരുന്നത്. ആദ്യപരാതി എന്തുകൊണ്ട് എസ്.പിയെ അറിയിച്ചില്ല. അതിന്റെ ഗൗരവം ഉന്നത ഉദ്യോഗസ്ഥരുമായി പങ്കുവെച്ചില്ല? സംശയങ്ങൾ സ്വാഭാവികമല്ലെ. കൊലപാതകി പാമ്പിനെപ്പോലെ അവിടെയും ഒളിച്ചെത്തിയോ ആവോ. ഇല്ലെങ്കിൽ എന്തിനാണ് യാതൊരുവിധ അന്വേഷണത്തെപ്പറ്റിയും ആലോചിക്കാതിരുന്നത്.? നാട്ടുകാരുടെ സംശയങ്ങൾ തീർന്നില്ല കേട്ടോ, ബാക്കി ഇങ്ങനെ....
ക്രൈം ബ്രാഞ്ച് ഭർത്താവിനെ കൈയോടെ പൊക്കി. ധാരാളം തെളിവുകളും ശേഖരിച്ചു. കേരളമാകെ ഇളകി മറിയുന്നതിനിടെ കുഞ്ഞിനെ വേണമെന്നായി ഉത്രയുടെ മാതാപിതാക്കൾ. വനിതാ കമ്മിഷനും ശിശു ക്ഷേമ സമിതിയുമൊക്കെ സമയോചിതമായി ഇടപെട്ടു. കുഞ്ഞിനെ ഉത്രയുടെ കുടുംബത്തിന് കൊടുക്കാൻ തീരുമാനിച്ചു. ഇതേ ഏമാനാകട്ടെ കുട്ടിയെ കൊണ്ടുവരാനുള്ള നടപടികൾ രണ്ടുമണിക്കൂറിലേറെ വൈകിപ്പിച്ചു. അതെന്തിനായിരുന്നു ?. എന്തേ, കൊലപാതകി അകത്തായത് ഏമാന് ഇഷ്ടപ്പെട്ടില്ലേ? അതോ ഏമാന് സൂരജിനോടാണോ പ്രിയം. 10,000 രൂപ കൊടുത്ത് പാമ്പിനെ വാങ്ങിയവന്റെ പോക്കറ്റ് അത്രയ്ക്ക് കാലിയായിരിക്കില്ലല്ലോ. നാടിനെയും നാട്ടുകാരെയും ശരിയെയും മറക്കുന്ന ഏമാൻമാർ ജയിലിൽ കിടക്കുന്ന ചില പഴയ 'വലിയ' ഏമാന്മാരെ ഇടയ്‌ക്കൊക്കെ ഓർക്കുന്നത് നന്നായിരിക്കും.