boat
ട്രോളിംഗ് നിരോധനത്തിന് മുന്നോടിയായി കൊല്ലം നീണ്ടകരയിൽ ബോട്ടുകൾ തീരത്തോട് അടുപ്പിച്ചപ്പോൾ (ഫയൽ ചിത്രം)​

 ട്രോളിംഗ് നിരോധനത്തിന് ഇനി ഒൻപത് നാൾ

കൊല്ലം: ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷം തീരത്ത് വീണ്ടും വറുതിക്കാലം തിരയടിക്കുന്നു. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ ട്രോളിംഗ് നിരോധനത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. ജൂൺ 9ന് അർദ്ധരാത്രി മുതൽ ജൂലായ് 31വരെ 52 ദിവസമാണ് ട്രോളിംഗ് നിരോധനം.

ലോക്ക് ഡൗണിന്റെ ഭാഗമായി തീരത്ത് അടുപ്പിച്ചിരുന്ന വലിയ ബോട്ടുകൾ രണ്ടാഴ്ച മുൻപാണ് കടലിൽ പോയിത്തുടങ്ങിയത്. നിരന്തരമുള്ള ശക്തമായ കാറ്റും മഴയും ഇതിനിടയിലുള്ള പല ദിവസങ്ങളിലും മത്സ്യബന്ധനം തടസപ്പെടുത്തിയിരുന്നു. പരിചയ സമ്പന്നരായ തമിഴ്നാട്ടുകാരായ സ്രാങ്കുകൾ ഇല്ലാത്തതിനാൽ പല ബോട്ടുകളും ഇപ്പോഴും കടലിൽ പോയിത്തുടങ്ങിയിട്ടില്ല. ഇതിനിടയിലാണ് വീണ്ടും ട്രോളിംഗ് നിരോധനം വരുന്നത്. ലോക്ക് ഡൗൺ കാരണം രണ്ട് മാസത്തോളം പണിക്ക് പോകാൻ കഴിയാത്ത സാഹചര്യത്തിൽ നിരോധന കാലയളവിൽ ഇളവ് വേണമെന്ന് ഒരു വിഭാഗം മത്സ്യത്തൊഴിലാളികളും ബോട്ടുടമകളും ആവശ്യപ്പെടുന്നുണ്ടെങ്കിലും വിട്ടുവീഴ്ചയ്ക്കില്ലെന്ന കർശന നിലപാടിലാണ് സർക്കാർ.

തീരത്ത് നിന്ന് 12 നോട്ടിക്കൽ മൈൽ അകലെ വരെ ബോട്ടുകൾക്കാണ് ട്രോളിംഗ് നിരോധന കാലത്ത് കടലിൽ പോകാൻ നിയന്ത്രണമുള്ളത്. ഔട്ട് ബോർഡ്, ഇൻബോർഡ് എൻജിനുകൾ ഘടിപ്പിച്ച വള്ളങ്ങൾക്കും കട്ടമരം അടക്കമുള്ള പരമ്പരാഗത യാനങ്ങൾക്കും കടലിൽ പോകാം.

ട്രോളിംഗ് നിരോധനം തുടങ്ങുന്ന 9ന് രാത്രി 12.30ന് മുൻപ് എല്ലാ ബോട്ടുകളും നീണ്ടകര അഴിമുഖത്തിന് അപ്പുറത്തേക്ക് മാറ്റും. ബോട്ടുകൾ കടലിലേക്ക് കടക്കാതിരിക്കാൻ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ അഴിമുഖത്തിന് കുറുകെ ചങ്ങല കെട്ടും. അഴീക്കലിലെ ബോട്ടുകളെല്ലാം കടവുകളിൽ അടുപ്പിക്കും. വലിയ ബോട്ടുകളിലെ തൊഴിലാളികൾ, ഹാർബറുകളിലെ വിവിധ തരം തൊഴിലാളികൾ, മത്സ്യക്കച്ചവടക്കാർ, വിവിധ പ്രോസിംഗ് യൂണിറ്റുകളിലെ തൊഴിലാളികൾ എന്നിവരെല്ലാം ട്രോളിംഗ് നിരോധന കാലത്ത് കടുത്ത പ്രതിസന്ധിയിലാകും. എന്നാൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഈ കാലയളവിൽ മെച്ചപ്പെട്ട വരുമാനം ലഭിക്കുന്നതാണ് പതിവ്.


മൂന്ന് കൺട്രോൾ റൂമുകൾ

നിയന്ത്രണം ലംഘിച്ച് ബോട്ടുകൾ മത്സ്യബന്ധം നടത്തിയാൽ പിടികൂടാൻ നീണ്ടകര, തങ്കശേരി, അഴീക്കൽ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേക കൺട്രോൾ റൂമുകൾ പ്രവർത്തിക്കും. ഇവിടങ്ങളിൽ നിന്ന് മൂന്ന് ബോട്ടുകളും കടലിൽ നിരന്തരം പട്രോളിംഗ് നടത്തും.

ചങ്ങല വീഴുമ്പോൾ

1. ഫിഷറീസ് വകുപ്പ് ഒരുക്കങ്ങൾ തുടങ്ങി

2. കൂടുതൽ വള്ളങ്ങൾ പോകുമ്പോൾ അപകട സാദ്ധ്യത

3. രക്ഷാപ്രവർത്തനത്തിന് പൊലീസിനൊപ്പം പ്രത്യേക സംഘം

4. വറുതിക്കാലം ഇത്തവണ കൂടുതൽ കടുക്കും

5. ട്രോളിംഗ് കാലയളവ് കുറയ്ക്കണമെന്ന് ആവശ്യം

ട്രോളിംഗ്

കാലയളവ്:

52 ദിവസം

തുടങ്ങുന്നത്: ജൂൺ 9ന്

(അർദ്ധരാത്രി)

അവസാനിക്കുന്നത്:

ജൂലായ് 31ന്

പരിധി

12 നോട്ടിക്കൽ മൈൽ

ലോക്കാകുന്നത്

ബോട്ടുകൾ:1300

മത്സ്യത്തൊഴിലാളികൾ: 15,000

അനുബന്ധ തൊഴിലാളികൾ: 25,000

''

പത്ത് ലൈഫ് ഗാർഡുമാരെക്കൂടി അധികമായി നിയമിക്കും. ജൂൺ 1ന് ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട ജില്ലാതല യോഗം ചേരും. ഇത്തവണ ഇതേകാലയളവിൽ 12 നോട്ടിക്കൽ മൈലിനപ്പുറം കേന്ദ്ര സർക്കാർ ട്രോളിംഗ് നിരോധനം ഏർപ്പെടുത്താനും സാദ്ധ്യതയുണ്ട്. നൗഷർഖാൻ ഫിഷറീസ് വകുപ്പ് അസി. ഡയറക്ടർ