കൊല്ലം: ഉത്രയെ കൊലപ്പെടുത്തിയ കേസിൽ സൂരജിനൊപ്പം അറസ്റ്റിലായ പാമ്പുപിടിത്തക്കാരൻ ചാവരുകാവ് സുരേഷിന്റെ കുടുംബം ആരോടും ഒന്നും മിണ്ടാതെ വീട്ടിൽ അടച്ചിരിപ്പാണ്. പ്ലസ് ടു പരീക്ഷയ്ക്ക് വേണ്ടി മാത്രമാണ് ഇളയമകൾ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്.
ചാത്തന്നൂർ സ്റ്റാൻഡേർഡ് ജംഗ്ഷനിൽ താമസിച്ചിരുന്ന സുരേഷും കുടുംബവും എട്ടുവർഷം മുൻപാണ് കല്ലുവാതുക്കൽ കുളത്തൂർക്കോണത്ത് വീടും വസ്തുവും വാങ്ങിയത്. അടുത്തിടെ അര കിലോ മീറ്റർ അകലെ വീണ്ടും വസ്തുവാങ്ങി പുതിയ വീട് നിർമ്മിച്ചു. അറസ്റ്റിലാകുമ്പോൾ ഇവിടെയായിരുന്നു താമസം.
പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും അടിക്കടി എത്തിയതോടെ ഭാര്യയും മക്കളും പഴയ വീട്ടിലേക്ക് താമസം മാറ്റി. സുരേഷിന്റെ 22കാരനായ മൂത്തമകനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. മടങ്ങിയെത്തിയശേഷം വീടിന് പുറത്ത് കണ്ടിട്ടില്ല. ഭാര്യയും രണ്ടാമത്തെ മകനും വീട്ടിൽ തന്നെയാണ്. എല്ലാവരുടെയും ഫോണുകൾ സ്വിച്ച് ഓഫാണ്. ഇപ്പോൾ,ബന്ധുക്കൾ പോലും വരാറില്ലെന്ന് അയൽവാസികൾ പറയുന്നു.
സുരേഷ് പാമ്പിനെ പിടിക്കാൻ പോകുമ്പോൾ സ്ഥിരമായി കാർ ഓടിക്കുന്നത് സമീപവാസിയായ യുവാവാണ്. സുരേഷിനൊപ്പം കസ്റ്റഡിയിലെടുത്ത യുവാവിനെ ചോദ്യം ചെയ്തശേഷം വിട്ടയച്ചിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ പുറത്ത് കറങ്ങി നടക്കുന്നുണ്ട്.
വളരെ പെട്ടെന്നാണ് സുരേഷ് പണക്കാരനായതെന്ന് അയൽവാസികൾ പറയുന്നു. നേരത്തെ സ്വന്തം ടെമ്പോയിൽ സമാന്തര സർവീസ് നടത്തിയാണ് കുടുംബം പോറ്റിയിരുന്നത്. ഇപ്പോൾ വാഹനകച്ചവടവും റിയൽ എസ്റ്റേറ്റ് ബിസിനസുമാണ് മുഖ്യം.