കൊല്ലം: ഉത്രയെ കൊലപ്പെടുത്തിയത് സാമ്പത്തികം ലക്ഷ്യംവച്ചാണെന്ന് വ്യക്തമായ സാഹചര്യത്തിൽ കേസുമായി ബന്ധപ്പെട്ട് സൂരജിന്റെ മുഴുവൻ സാമ്പത്തിക ഇടപാടുകളും പരിശോധിക്കാനും അത് കുറ്റപത്രത്തിൽ ഉൾപ്പെടുത്താനും അന്വേഷണസംഘം നീക്കം തുടങ്ങി. രണ്ടുവർഷം മുമ്പ് ഉത്രയുമായുള്ള വിവാഹ സമയത്ത് ലഭിച്ച സ്വർണാഭരണങ്ങളും കുടുംബത്തിൽ നിന്ന് പണമായും അല്ലാതെയും വാങ്ങിയ സ്വത്തിന്റെ വിവരങ്ങളും രേഖപ്പെടുത്തും. ഉത്രയുടെ സ്വർണാഭരണങ്ങൾ സൂക്ഷിച്ചിരുന്ന അടൂരിലെ സ്വകാര്യ ബാങ്ക് ലോക്കർ പൊലീസ് പരിശോധിച്ചിരുന്നു. സൂരജ് സ്വർണം വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്തതിന്റെ കണക്കെടുത്ത ശേഷം ബാക്കി സ്വർണം വീണ്ടെടുത്ത് തൊണ്ടിമുതലായി കോടതിയിൽ സമർപ്പിക്കും. സൂരജ് നടത്തിയ എല്ലാ സാമ്പത്തിക കൈമാറ്റങ്ങളും തെളിയിച്ചാൽ പരമാവധി ശിക്ഷ ഉറപ്പാക്കാനാകുമെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം. സൂരജിന്റെ സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ കൊലപാതകവുമായി ബന്ധമുള്ളതായി ചോദ്യം ചെയ്യലിൽ കണ്ടെത്താനായില്ലെങ്കിലും ഉത്രയുടെ മരണശേഷം സൂരജിന്റെ സ്വഭാവത്തിൽ വ്യത്യാസം തോന്നിയതായി ചില സുഹൃത്തുക്കൾ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.