school
ബാഗുകൾ

 അദ്ധ്യയന കാലത്തിന് നാളെ തുടക്കം

കൊല്ലം: പുതുമണം മാറാത്ത ബുക്കുകൾ ബാഗിലാക്കി പുത്തനുടുപ്പണിഞ്ഞ് ബാല്യകൗമാരങ്ങൾ നാളെ അക്ഷര മുറ്റത്തേക്ക് പോകില്ല. പകരം, വീടിനുള്ളിലെ സാങ്കേതിക സാദ്ധ്യതകൾക്കൊപ്പം അടുത്ത അദ്ധ്യയന കാലത്തേക്ക് കടക്കും. കൊവിഡ് കാലത്തെ അദ്ധ്യന വർഷാരംഭത്തിൽ കോടികളുടെ വിപണനം നടക്കേണ്ട സ്‌കൂൾ വിപണിയാണ് ഇതോടെ തകർന്നടിഞ്ഞത്. നോട്ട് ബുക്കുകൾ, പേന, പെൻസിൽ, ബാഗുകൾ, കുടകൾ, ചെരുപ്പ്, വസ്ത്രങ്ങൾ തുടങ്ങി വിപണിയുടെ വൈവിദ്ധ്യങ്ങളെയാകെ സജീവമാക്കിയിരുന്നത് സ്കൂൾ വർഷാരംഭമാണ്. ഏപ്രിൽ പകുതിയോടെ ആരംഭിക്കുന്ന സ്‌കൂൾ വിപണികൾ പ്ലസ് വൺ, ഡിഗ്രി ക്ലാസുകൾ ആരംഭിക്കുന്ന ജൂൺ അവസാനം വരെ സജീവമായിരുന്നു. നിർമ്മാതാക്കൾ, വിതരണക്കാർ, വിൽപ്പനക്കാർ തുടങ്ങി സാധാരണ കച്ചവടക്കാർ വരെയുള്ളവരുടെ ജീവിതമാർഗമാണ് സ്കൂൾ വിപണി ഇല്ലാതായോടെ തകർന്നത്. നിലവിലെ സാഹചര്യങ്ങൾ മാറുന്നതുവരെ ഓൺലൈൻ ക്ലാസുകൾ തുടരാനാണ് സർക്കാർ നിർദേശം.

പെരുമഴക്കാലത്ത് നിവരാതെ വർണക്കുടകൾ

ഇത്തവണ കാലവർഷം കനക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. പക്ഷേ മുൻ വർഷങ്ങളെ അപേക്ഷിച്ച് സ്കൂൾ വിപണിയിൽ കുടയുടെ വിൽപ്പന ഒന്ന് നിവർന്നിട്ട് പോലുമില്ല. വിൽപ്പന കുറയുമെന്ന ഭയത്തിൽ സാധാരണ കച്ചവടക്കാർ കുട വലിയ തോതിൽ ശേഖരിച്ചിട്ടുമില്ല. ഏപ്രിൽ പകുതി മുതൽ വിപണി ഉണരുമെന്ന് കരുതി കഴിഞ്ഞ വർഷം അവസാനത്തോടെ കുട നിർമ്മാണം കമ്പനികൾ വർദ്ധിപ്പിച്ചിരുന്നു. ബ്രാന്റഡ് കമ്പനികൾ മാത്രമല്ല, കുടുംബശ്രീ യൂണിറ്റുകൾ മുതൽ ചെറുകിട സംരംഭകർ വരെ കുട നിർമ്മാണത്തിൽ സജീവമായിരുന്നു. എന്ത് ചെയ്യുമെന്നറിയാത്ത നിസഹായാവസ്ഥയിലാണ് നിർമ്മാതാക്കൾ.

കൊവിഡ് ദിനങ്ങൾ കവർന്നെടുത്തു

1. പുതുമണമില്ലാതെ നോട്ട് ബുക്കും ബാഗും

2. ചെറുകിട സംരംഭകർ കടക്കെണിയിൽ

3. യൂണിഫോം വസ്ത്രങ്ങൾക്കും ആവശ്യക്കാരില്ല

4. ലോക്ക് ഡൗണിൽ ജോലിയും കൂലിയും നിലച്ചു

5. കുട്ടികളുടെ ഫാഷൻ ട്രെൻഡുകൾ മാറുന്നു

''

നാളെ മുതൽ ഓൺലൈൻ ക്ലാസുകൾ തുടങ്ങുകയാണ്. കോളേജിലേക്ക് പോകേണ്ടാത്തതിനാൽ കുറച്ച് ബുക്കുകൾ അല്ലാതെ മറ്റൊന്നും വാങ്ങിയിട്ടില്ല.

ആർ.അരവിന്ദ്,

ഡിഗ്രി വിദ്യാർത്ഥി

''

എല്ലാ വർഷവും പ്രത്യേക സ്കൂൾ വിപണി നടത്തുന്നതാണ്. ഇത്തവണ അതിനൊന്നും ശ്രമിച്ചില്ല. വലിയ തിരിച്ചടിയാണ്.

ഷാനവാസ്

ബുക്ക് - സ്റ്റേഷനറി വ്യാപാരി