ജൂൺ 5ന് മന്ത്രി മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്യും
കൊല്ലം: ഹരിത കേരളം മിഷന്റെ സുഭിക്ഷ കേരളം പദ്ധതിയിൽ പങ്കാളിയായി സി.എസ്.ഐ സഭയുടെ കൊല്ലം ബിഷപ്പ് ഹൗസിലെ ആറ് ഏക്കർ ഭൂമിയിൽ കൃഷിയിറക്കും. സി.എസ്.ഐ സഭ അരമനയിൽ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.
സഭയുടെ ഉടമസ്ഥതയിലുള്ള 62 പള്ളികളിലായി 50 ഏക്കറോളം ഭൂമിയിലും പദ്ധതി പ്രകാരം കൃഷി വ്യാപിപ്പിക്കും. അരമനയിലെ ആറ് ഏക്കർ ഭൂമിയിൽ കശുമാവ്, വഴുതന, വെണ്ട, മുളക്, വാഴ, കറിവേപ്പ്, പപ്പായ, ഇഞ്ചി, മഞ്ഞൾ തുടങ്ങിയവ കൃഷി ചെയ്യും. കൂടാതെ ഇവിടെ സ്ഥിതി ചെയ്യുന്ന കുളത്തിലും പുതുതായി നിർമ്മിക്കുന്ന പടുതാ കുളങ്ങളിലും മത്സ്യകൃഷിയും പശു, കോഴി ഫാമുകളും ആരംഭിക്കും. നിലം ഒരുക്കൽ പ്രവർത്തനങ്ങൾക്കായി അയ്യൻകാളി തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം ലഭ്യമാക്കും.
ജൂൺ 5ന് വൈകിട്ട് 3ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പദ്ധതി ഉദ്ഘാടനം ചെയ്യും. ഹരിത കേരളം മിഷന്റെ ഏകോപനനത്തിൽ സി.എസ്.ഐ സഭ, കാഷ്യു കോർപറേഷൻ, കൃഷി വകുപ്പ്, അയ്യൻകാളി തൊഴിലുറപ്പ് പദ്ധതി തുടങ്ങിയവയെ സംയോജിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുക.
ബിഷപ്പ് ഹൗസിൽ ചേർന്ന യോഗത്തിൽ സി.എസ്.ഐ കൊല്ലം ബിഷപ്പ് ഫാ. ഉമ്മൻ ജോർജ്, കാഷ്യു കോർപറേഷൻ ചെയർമാൻ എസ്. ജയമോഹനൻ, ഹരിത കേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ, എസ്. ഐസക്ക് തുടങ്ങിയവർ പങ്കെടുത്തു.