uthra

 അമ്മയെ കെട്ടിയിട്ടെന്ന് കേസ്

 അമ്മയുടെ ബോധക്ഷയ നാടകം

അഞ്ചൽ: ഉത്രയുടെ മരണം സംഭവിച്ച് ഒരാഴ്ച പിന്നിട്ടപ്പോൾ ഉത്രയുടെ അച്ഛനെയും സഹോദരനെയും കള്ളക്കേസിൽ കുടുക്കാനും സൂരജ് ശ്രമിച്ചിരുന്നു. അമ്മയെ കെട്ടിയിട്ടെന്നും മർദ്ദിച്ചെന്നുമായിരുന്നു പരാതി. കൊലപാതകം മൂടിവയ്ക്കാനും സ്ത്രീധനമായി ലഭിച്ച സ്വർണാഭരണങ്ങൾ തിരികെ നൽകാതിരിക്കാനുമുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നു ഇതെന്നാണ് അന്വേഷണസംഘം കരുതുന്നത്.

ഉത്ര വിവാഹത്തിനണിഞ്ഞ 98 പവന്റെ ആഭരണങ്ങൾ മടക്കിനൽകണമെന്ന് മേയ് 14ന് വൈകിട്ട് അഞ്ചലിലെ വീട്ടിൽ വച്ച് സൂരജിനോടും അമ്മ രേണുകയോടും ഉത്രയുടെ രക്ഷിതാക്കൾ ആവശ്യപ്പെട്ടു. സാദ്ധ്യമല്ലെന്ന് പറഞ്ഞ് ഇരുവരും വഴക്കുണ്ടാക്കി. ഇതിനിടെ മോഹാലസ്യപ്പെട്ടത് പോലെ രേണുക വീണു. ഉത്രയുടെ അച്ഛനും സഹോദരനും സൂരജും ചേർന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

പരിശോധനയിൽ കുഴപ്പമില്ലെന്ന് കണ്ട് വീട്ടിലേക്ക് പോകാൻ ഡോക്ടർ നിർദ്ദേശിച്ചെങ്കിലും അഡ്മിറ്റ് ചെയ്യണമെന്ന് സൂരജ് വാശിപിടിച്ചു. സാദ്ധ്യമല്ലെന്ന് ഡോക്ടർ അറിയിച്ചപ്പോൾ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യണമെന്നായി. ഇതിനും ഡോക്ടർ തയ്യാറായില്ല.

ഇതിനിടെ, രേണുകയെ ഉത്രയുടെ വീട്ടിൽ കെട്ടിയിട്ടിരിക്കുന്നതായി സൂരജ് അടൂരിലെ സുഹൃത്തുക്കളെ വിളിച്ചറിയിച്ചു. ഏഴംഗ സംഘം ജീപ്പിൽ ഉത്രയുടെ വീട്ടിലെത്തിയപ്പോൾ സൂരജ് പറഞ്ഞത് കളവെന്ന് മനസിലായി. തുടർന്ന് ആശുപത്രിയിലെത്തിയ സുഹൃത്തുക്കൾ സൂരജിന്റെ നിർദ്ദേശ പ്രകാരം ഡോക്ടറെ കണ്ട് ഡിസ്ചാർജ് ചെയ്യരുതെന്ന് ആവശ്യപ്പെട്ടു. ആരുടെയോ നിർദ്ദേശം ഫോണിലൂടെ സൂരജിന് ലഭിച്ചത് പ്രകാരമായിരുന്നു ആശുപത്രിയിലെ നാടകം.

ഇതിനുശേഷമാണ് ഉത്രയുടെ പിതാവ് വിജയസേനനും സഹോദരൻ വിഷുവിനും ജോലിക്കാരനുമെതിരെ അഞ്ചൽ പൊലീസിൽ സൂരജ് പരാതി നൽകിയത്. അന്ന് പൊലീസ് ഉത്രയുടെ വീട്ടിലും ആശുപത്രിയിലും അന്വേഷണം നടത്തിയിരുന്നു. ഉത്ര കൊലക്കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘവും ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിച്ചു.

സൂരജിന്റെ സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം

കൊല്ലം: ഉത്രയെ കൊലപ്പെടുത്തിയത് സാമ്പത്തികം ലക്ഷ്യംവച്ചാണെന്ന് വ്യക്തമായ സാഹചര്യത്തിൽ കേസുമായി ബന്ധപ്പെട്ട് സൂരജിന്റെ മുഴുവൻ സാമ്പത്തിക ഇടപാടുകളും പരിശോധിക്കാനും അത് കുറ്റപത്രത്തിൽ ഉൾപ്പെടുത്താനും അന്വേഷണസംഘം നീക്കം തുടങ്ങി. രണ്ടുവർഷം മുമ്പ് ഉത്രയുമായുള്ള വിവാഹ സമയത്ത് ലഭിച്ച സ്വർണാഭരണങ്ങളും കുടുംബത്തിൽ നിന്ന് പണമായും അല്ലാതെയും വാങ്ങിയ സ്വത്തിന്റെ വിവരങ്ങളും രേഖപ്പെടുത്തും. ഉത്രയുടെ സ്വർണാഭരണങ്ങൾ സൂക്ഷിച്ചിരുന്ന അടൂരിലെ സ്വകാര്യ ബാങ്ക് ലോക്കർ പൊലീസ് പരിശോധിച്ചിരുന്നു. സൂരജ് സ്വർണം വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്തതിന്റെ കണക്കെടുത്ത ശേഷം ബാക്കി സ്വർണം വീണ്ടെടുത്ത് തൊണ്ടിമുതലായി കോടതിയിൽ സമർപ്പിക്കും. സൂരജ് നടത്തിയ എല്ലാ സാമ്പത്തിക കൈമാറ്റങ്ങളും തെളിയിച്ചാൽ പരമാവധി ശിക്ഷ ഉറപ്പാക്കാനാകുമെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം. സൂരജിന്റെ സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ കൊലപാതകവുമായി ബന്ധമുള്ളതായി ചോദ്യം ചെയ്യലിൽ കണ്ടെത്താനായില്ലെങ്കിലും ഉത്രയുടെ മരണശേഷം സൂരജിന്റെ സ്വഭാവത്തിൽ വ്യത്യാസം തോന്നിയതായി ചില സുഹൃത്തുക്കൾ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.