കൊല്ലം: പൊതു ഇടങ്ങളിൽ മാസ്‌ക് ധരിക്കാത്തവരുടെ എണ്ണം കൂടിവരുന്ന സാഹാചര്യത്തിൽ അത്തരക്കാർക്കതിരെ നടപടി കടുപ്പിക്കാൻ പൊലീസ് തീരുമാനിച്ചു. മാസ്ക് ധരിക്കാത്തവരിൽ നിന്ന് 5,000 രൂപ വരെ പിഴ ഈടാക്കാമെന്ന് സർക്കാർ തീരുമാനമെടുത്തെങ്കിലും താഴെ തട്ടിൽ അത്ര ഉയർന്ന പിഴ ഈടാക്കിയിരുന്നില്ല. തുടർച്ചയായി നിർദേശങ്ങൾ അവഗണിക്കപ്പെടുന്ന സഹാചര്യത്തിൽ ഉയർന്ന പിഴ ഈടാക്കാനാണ് പൊലീസ് തീരുമാനം. മാസ്ക് ധരിക്കാത്തവരെ കണ്ടെത്താനും അവരെ ബോധവത്കരിക്കാനും സ്പെഷ്യൽ ട്സാക് ഫോഴ്സ് ജില്ലയിൽ സജീവമാണ്. ഇന്നലെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പൊലീസ് നടത്തിയ പരിശോധനയിൽ പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കാത്ത 209 പേരെ പിടികൂടി. കൊല്ലം സിറ്റി പൊലീസ് 83 പേർക്കെതിരെയും കൊല്ലം റൂറൽ പൊലീസ് 126 പേർക്കെതിരെയുമാണ് നടപടി സ്വീകരിച്ചത്.
നിരത്തിൽ കാണുന്നത്
1. ഒറ്റയ്‌ക്ക് നിൽക്കുമ്പോൾ മാസ്ക് ധരിക്കും. സംസാരിക്കുമ്പോൾ മാസ്‌ക് താഴ്‌ത്തും
2. മുഖവും വായും മറച്ച് കെട്ടേണ്ട മാസ്ക് പലരും മൂക്ക് മറച്ച് കെട്ടുന്നില്ല
3. മാസ്ക് താടിയിലേക്ക് താഴ്ത്തി ഇടുന്നതാണ് ചിലർക്ക് ഇഷ്ടം
4. ആറ് മണിക്കൂറിൽ കൂടുതൽ മാസ്ക് ഉപയോഗിക്കരുതെന്ന നിർദേശം വെറുതെയായി
5. നിരത്തിൽ ഉപേക്ഷിക്കപ്പെട്ട മാസ്കുകൾ ധാരാളം
''
പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കാത്തവരെ കണ്ടെത്താൻ സ്പെഷ്യൽ ടാസ്ക് ഫോഴ്സിനെ നിയോഗിച്ചിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി.
ടി.നാരായണൻ
കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ